കമ്പിയിൽ കുടുങ്ങി ബൈക്കപകടം, കെ.എസ്.ഇ.ബിക്കെതിരെ കേസ്
text_fieldsപയ്യന്നൂർ: ചുരുട്ടിവെച്ച വൈദ്യുതിക്കമ്പിയിൽ ടയർ കുടുങ്ങി ബൈക്ക് അപകടത്തിൽപെട്ട സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കെ.എസ്.ഇ.ബിക്കെതിരെ കേസ്. രാമന്തളി ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോൽ പ്രശാന്തിന്റെ (40) പരാതിയിലാണ് കെ.എസ്.ഇ.ബി അധികൃതർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 26ന് രാത്രി 7.15ഓടെ ചെരിച്ചിൽ കരിങ്കൽ ക്വാറിക്കടുത്താണ് പ്രശാന്ത് അപകടത്തിൽപെട്ടത്. പൊട്ടിവീണ വൈദ്യുതിക്കമ്പി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം റോഡരികിൽ ചുരുട്ടിവെച്ചതായും ഇതിൽ ചക്രം കുടുങ്ങി ബൈക്ക് അപകടത്തിൽപെടുകയുമായിരുന്നുവെന്നാണ് പരാതി. അപകടത്തിൽ പരിക്കേറ്റ പ്രശാന്തിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

