പാലം വീതി കുറച്ച് പണിയുന്നതിനെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെ ആക്രമിച്ചു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsപയ്യന്നൂർ: കരാർ വ്യവസ്ഥക്ക് വിരുദ്ധമായി പാലം വീതി കുറച്ച് പണിയുന്നതിനെക്കുറിച്ച് ഫേസ് ബുക്കിൽ അഭിപ്രായപ്രകടനം നടത്തിയ യുവാവിനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കണ്ടങ്കാളിയിലെ പവിത്രൻ(40), ഷൈബു(41), കണ്ടങ്കാളി സ്വദേശികളായ അജിത്(29), കലേഷ്(33) എന്നിവരാണ് അറസ്റ്റിലായത്. കണ്ടങ്കാളിയിലെ പി.വി. ലിജേഷിന്റെ(36) പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. കഴിഞ്ഞ മാസം 27ന് വൈകീട്ട് 5.30 ന് കണ്ടങ്കാളി കാരളി അമ്പലത്തിന് സമീപം വെച്ചാണ് അക്രമം നടന്നത്. പ്രതികൾ മുഖത്തടിക്കുകയും ചവിട്ടി നിലത്തിട്ട് മരവടി കൊണ്ട് അടിക്കുകയും 13,000 രൂപ വരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നശിപ്പിച്ചുവെന്നും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ലിജേഷിന്റെ പരാതി.
പയ്യന്നൂർ നഗരസഭ 22ാം വാർഡായ കണ്ടങ്കാളിയിൽ വട്ടക്കുളം പാലം പണിയുന്നത് സംബന്ധിച്ച് വിവാദമാണ് സംഘർഷത്തിന് കാരണം.
പാലം കരാറിന് വിരുദ്ധമായി വീതി കുറച്ചതായി വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി ലിജേഷ് പോസ്റ്റിട്ടിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.