അമൃത് ഭാരത്; പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തുടക്കം
text_fieldsഅമൃത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് നവീകരിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ രൂപരേഖ
പയ്യന്നൂർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ സ്റ്റേഷനും. വിവിധ വികസന പദ്ധതികളിലൂടെ സ്റ്റേഷന്റെ നിലവാരമുയർത്തുന്ന അമൃത് ഭാരത് പദ്ധതിക്ക് ഞായറാഴ്ച തുടക്കംകുറിച്ചു. 31.2 കോടി ചെലവിൽ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു.
റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ് ഫോമിലും പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടി സ്ക്രീനിൽ പ്രദർശിപ്പിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ , നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.പി. സമീറ, കൗൺസിലർ എം. പ്രസാദ്, ഏഴിമല നാവിക അക്കാദമി കമ്യൂണിക്കേഷൻ ഓഫിസർ ലഫ്. കമാണ്ടന്റ് കൗസൽ കുമാർ, സി.ആർ.പി.എഫ് പെരിങ്ങോം ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡി.ഐ.ജി പി.പി. പോളി, സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി.പി. അപ്പുക്കുട്ടപൊതുവാൾ തുടങ്ങിയവർ സംസാരിച്ചു. റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ ജയകൃഷ്ണൻ സ്വാഗതവും കമേഴ്സ്യൽ മാനേജർ അരുൺ തോമസ് നന്ദിയും പറഞ്ഞു.

