പയ്യന്നൂർ കിരീടത്തിലേക്ക്
text_fieldsകണ്ണൂർ സർവകലാശാല കലോത്സവത്തിൽ പോയന്റ് നിലയിൽ മുന്നിട്ട് നിൽക്കുന്ന പയ്യന്നൂർ കോളജ് ടീം
കണ്ണൂർ: സർവകലാശാല കലോത്സവത്തിൽ 260 പോയന്റുമായി പയ്യന്നൂർ കോളജ് കിരീടം ഉറപ്പിച്ചു. 236 പോയന്റുമായി ആതിഥേയരായ കണ്ണൂർ എസ്.എൻ കോളജാണ് രണ്ടാം സ്ഥാനത്ത്. 220 പോയന്റുമായി ഗവ. ബ്രണ്ണൻ കോളജ് മൂന്നാംസ്ഥാനത്തുണ്ട്. വെള്ളിയാഴ്ച വൈകി തുടങ്ങിയ മത്സരങ്ങൾ രാത്രിയും പുരോഗമിക്കുകയാണ്.
നാടൻപാട്ട് അവതരിപ്പിച്ച കൃഷ്ണമേനോൻ സ്മാരക വനിത കോളജ് ടീം
സർവകലാശാല കലോത്സവത്തിൽ 23 തവണയും പയ്യന്നൂർ കോളജാണ് കിരീടം നേടിയത്. 2003, 2008, 2011 വർഷങ്ങളിലാണ് പയ്യന്നൂരിന് കിരീടം നഷ്ടമായത്. രാവിലെ 9.30ന് എസ്.എൻ ബസ്സ്റ്റോപ്പിന് സമീപം തുടങ്ങേണ്ടിയിരുന്ന തെരുവുനാടകമത്സരം കനത്ത ചൂടിനെ തുടർന്ന് വേദി മാറ്റി നാലുമണിക്കൂറോളം വൈകി ക്യാമ്പസിനുള്ളിലാണ് നടത്തിയത്. ഗ്ലാമർ ഇനമായി ഒപ്പനയും തിരുവാതിരയും തുടങ്ങാൻ വൈകി. ഒപ്പനക്കും നാടൻപാട്ടിനും തെരുവുനാടകത്തിനും നിറഞ്ഞ സദസായിരുന്നു.
ആളെക്കൂട്ടി തെരുവുനാടകങ്ങൾ
ലിംഗ അസമത്വവും ജാതീയതയും നിലനിൽക്കുന്ന ഇരുണ്ടകാലത്തിന് നേരെ വിരൽചൂണ്ടി തെരുവുനാടകങ്ങൾ നിറഞ്ഞ സദസ്സിൽ കൈയടി നേടി. ചോദ്യങ്ങളുമായി പ്രേക്ഷകർക്കിടയിൽനിന്ന് കയറിവന്ന കഥാപാത്രങ്ങൾ അവരുടെ ഹൃദയവും ചിന്തയുമായി സംവദിച്ചു. നോക്കുകുത്തിയാകുന്ന നിയമങ്ങൾ തെരുവിൽ വിചാരണ ചെയ്യപ്പെട്ടു. സമകാലിക വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യാൻ പാകത്തിന് കനലൊരുക്കിയാണ് പുതുതലമുറ തെരുവുനാടകം കളിച്ചവസാനിപ്പിച്ചത്. തെയ്യമായും തീപ്പന്തമായും അവർ ആഞ്ഞുറഞ്ഞു. സഫ്ദർ ഹാഷ്മി വേദിയിൽ അരങ്ങേറിയ ഏഴ് നാടകങ്ങളും എ ഗ്രേഡ് നേടി. ഉടലാചാരങ്ങൾക്കപ്പുറം നമുക്ക് മനുഷ്യനാവാമെന്ന സന്ദേശവുമായി കണ്ണൂർ എസ്.എൻ കോളജ് അവതരിപ്പിച്ച ചുഴി മികച്ച നാടകമായി ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സ്വദേശി ആദർശ് എഴുതി ബിച്ചു ചിലങ്കയാണ് നാടകം സംവിധാനം ചെയ്തത്.
തെരുവുനാടക മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കണ്ണൂർ എസ്.എൻ കോളജിന്റെ ‘ചുഴി’യിൽ നിന്നുള്ള രംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

