പകരം സംവിധാനമില്ലാതെ ബസ് സ്റ്റാൻഡ് അടച്ചു; ജനം ദുരിതത്തിൽ
text_fieldsടാറിങ്ങിനായി അടച്ചിട്ട പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ്
പയ്യന്നൂർ: പകരം സംവിധാനമേർപ്പെടുത്താതെ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് ടാറിങ്ങിനായി അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബസ് സ്റ്റാൻഡ് പുതുക്കാനാണ് നഗരസഭ നാലു ദിവസത്തേക്ക് അടച്ചിട്ടത്. ഇതിന് മുമ്പ് വേണ്ടത്ര ഗൃഹപാഠമുണ്ടായില്ലെന്നാണ് ആക്ഷേപം. ടാറിങ് പ്രവൃത്തി ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ചു. എന്നാൽ, ചില കുഴികൾ മൂടുകയല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും വൈകീട്ടു വരെ നടന്നിട്ടില്ല.
ബസ് സ്റ്റാൻഡ് അടച്ചിട്ടതോടെ നഗരം ഗതാഗതക്കുരുക്കിൽ അമർന്നു. രണ്ട് ഹോം ഗാർഡുമാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അവർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. പൊലീസ് രംഗത്തില്ല. ബസുകൾ പ്രധാന റോഡിൽ ആളെയിറക്കി അതുവഴി തന്നെ തിരിച്ചു പോകുകയാണ് ചെയ്യുന്നത്. നിലവിലെ പഴയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള റൂറൽ ബാങ്കിനു മുന്നിൽ നിർത്തി ഉടൻ പോകാനാണ് അധികൃതരുടെ നിർദേശം. നിർത്തിയിട്ട് പോകേണ്ട വാഹനങ്ങൾ നിർദിഷ്ട സ്റ്റേഡിയത്തിനു സമീപം പാർക്കു ചെയ്യണമെന്നും അറിയിച്ചിരുന്നു. എന്നാൽ ഒരു വ്യവസ്ഥയും ഇല്ലാത്ത സ്ഥിതിയിലായിരുന്നു കാര്യങ്ങൾ. യാത്രക്കാരെ റൂറൽ ബാങ്ക് പരിസരത്ത് ഇറക്കി സ്റ്റേഡിയത്തിനടുത്ത് പാർക്ക് ചെയ്യണമെന്നാണ് നിർദേശമെങ്കിലും മിക്ക ബസുകളും യാത്രക്കാരെ പുതിയ സ്റ്റാൻഡിലിറക്കി തടിയൂരി. ഇതോടെ യാത്രക്കാർക്ക് നഗരത്തിലെത്താൻ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വന്നു. ഇതും കുരുക്ക് മുറുകാൻ കാരണമായി.
റൂറൽ ബാങ്ക് പരിസരം മുതൽ കോർപറേറ്റീവ് സ്റ്റോർ വരെ വഴിയരികിൽ യാത്രക്കാർ ബസിനായി കാത്തുനിൽക്കുന്ന കാഴ്ചയായിരുന്നു പലപ്പോഴും.പിഞ്ചു കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ പൊരി വെയിലിൽ ബുദ്ധിമുട്ടി. അടച്ചിടുമ്പോൾ വേണ്ട ഗതാഗത സംവിധാനങ്ങളോ പൊലീസ് സുരക്ഷയോ ഏർപ്പെടുത്തിയില്ല എന്നാണ് ആക്ഷേപം. സ്വതവേ ചെറിയ റോഡാണ് പയ്യന്നൂരിൽ. ഇതിനിടയിലാണ് അറ്റകുറ്റപ്പണിയുടെ പേരിൽ ജനത്തെ വലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

