ചിലമ്പൊലിയില്ലാതെ പത്താമുദയം
text_fieldsകൊളച്ചേരി: തിങ്കളാഴ്ച തുലാം പത്ത് (പത്താമുദയം). കോലത്തുനാട്ടിൽ തെയ്യക്കാവുകൾ ഉണരുന്ന പുണ്യദിനം. പത്താമുദയത്തിൽ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ നടക്കുന്ന പുത്തരി അടിയന്തിരത്തോടനുബന്ധിച്ച കളിയാട്ടത്തോടെയാണ് ഉത്തര മലബാറിൽ തെയ്യാട്ടക്കാലത്തിന് തുടക്കമാവാറ്. പക്ഷേ, ഇത്തവണ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം ചടങ്ങു മാത്രമായി നടത്താനായിരുന്നു ക്ഷേത്ര സമിതിയുടെ തീരുമാനം. പതിവ് തെയ്യം കെട്ടിയാടൽ ഉണ്ടായില്ല.
പത്താമുദയത്തിൽ വിഷകണ്ഠൻ ദൈവത്തിെൻറ തിരുമുടി ഉയരുന്നതോടെ ഉത്തര മലബാറിലെ തെയ്യക്കാവുകൾ ഉണരുകയാണ് പതിവ്. തെയ്യത്തിെൻറ അനുഗ്രഹം തേടി വർഷാവർഷം പതിനായിരക്കണക്കിന് ഭക്തരാണ് കൊളച്ചേരി ചാത്തമ്പള്ളി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്താറുള്ളത്. തെയ്യക്കാവുകൾ ഉണരാതായതോടെ പ്രതീക്ഷ അസ്തമിച്ചത് നൂറുകണക്കിന് തെയ്യം കലാകാരന്മാർക്കാണ്.