ട്രെയിൻ റദ്ദാക്കലിൽ വലഞ്ഞ് യാത്രക്കാർ
text_fieldsകണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അൺറിസർവ്ഡ് ട്രെയിനുകൾ റെയിൽവേ നിർത്തലാക്കിയതോടെ പെരുവഴിയിലായി യാത്രക്കാർ. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 12 ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്. മലബാറിൽ ഏറെ യാത്രക്കാർക്ക് സഹായകമായിരുന്ന 06023/ 06024 ഷൊർണൂർ - കണ്ണൂർ- ഷൊർണൂർ മെമു, 06477/ 06478 കണ്ണൂർ- മംഗളൂരു സെൻട്രൽ- കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, 06481/ 06469 കോഴിക്കോട് - കണ്ണൂർ- ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, 06491 ചെറുവത്തൂർ - മംഗളൂരു സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, 16610 മംഗളൂരു സെന്ട്രല് - കോഴിക്കോട് എക്സ്പ്രസ് ട്രെയിനുകളാണ് പാലക്കാട് ഡിവിഷനിൽ റദ്ദാക്കിയത്.
ജില്ലക്ക് ആശ്വാസമായിരുന്ന വണ്ടികൾ റദ്ദാക്കിയതിന്റെ ബുദ്ധിമുട്ടിലാണ് സ്ഥിര യാത്രക്കാർ. രാവിലെയും വൈകീട്ടും കണ്ണൂർ-കോഴിക്കോട് റൂട്ടിലെ യാത്രക്കാർക്ക് സൗകര്യ യാത്ര ഉറപ്പുനൽകിയിരുന്ന മെമു റദ്ദാക്കിയത് പലരും ശനിയാഴ്ച രാവിലെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. ദക്ഷിണ റെയിൽവേയുടെ അറിയിപ്പിൽ ഷൊർണൂർ - കണ്ണൂർ- ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽസ് എന്നാണ് നൽകിയത്. ഇതുപലർക്കും മനസ്സിലായില്ലെന്നും പരാതിയുണ്ട്. കണ്ണൂർ, തലശ്ശേരി, മാഹി ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും എത്തുന്നവർക്ക് രാവിലെയും വൈകീട്ടും ആശ്വാസമായിരുന്ന വണ്ടിയാണിത്. രാവിലെ 4.30 ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 6.35ന് കോഴിക്കോട്, 9.10ന് കണ്ണൂർ, തിരിച്ച് വൈകീട്ട് 5.20ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.50-കോഴിക്കോട്, രാത്രി 10.55 ഷൊർണൂർ എന്നിങ്ങനെയാണ് സമയം. ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാർഥികളും അടക്കമുള്ള യാത്രക്കാർക്ക് റിസർവ് ചെയ്യാതെ യാത്ര ചെയ്യാനായിരുന്ന വണ്ടിയാണ് ശനി, ഞായർ ദിവസങ്ങളിൽ റദ്ദാക്കപ്പെട്ടത്. വാരാന്ത്യത്തിൽ അവധിക്ക് നാട്ടിൽ പോകുന്നവർക്ക് തിരിച്ചടിയായാണ് അൺ റിസർവ്ഡ് വണ്ടികൾ റദ്ദാക്കിയത്.
രാവിലെ കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഉപകാരമായിരുന്ന വണ്ടിയാണ് മംഗളൂരു സെന്ട്രല് - കോഴിക്കോട് എക്സ്പ്രസ്. രാവിലെ 5.15ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 7.09 പയ്യന്നൂർ, 8.02 കണ്ണൂർ, 8.29 തലശ്ശേരി, 8.54 വടകര, 10.15 കോഴിക്കോട് എന്നിങ്ങനെയായിരുന്നു ഓട്ടം. കാസർകോട് മുതലുള്ള യാത്രക്കാർക്ക് രാവിലെ കോഴിക്കോട്ടെത്താൻ ആശ്രയമായിരുന്നു ഈ വണ്ടി. കണ്ണൂരിൽനിന്ന് വൈകീട്ട് കാസർകോട് ഭാഗത്തേക്ക് പോയിരുന്ന ചെറുവത്തൂർ വണ്ടിയും രണ്ടുദിവസത്തേക്ക് നിർത്തലാക്കിയതോടെ യാത്രക്കാർ വലഞ്ഞു. രാവിലെ കാസർകോട്ടേക്കുള്ള യാത്രക്കാരും ചെറുവത്തൂർ-മംഗളൂരു വണ്ടിയെ ആശ്രയിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് വണ്ടികൾ നിർത്തലാക്കിയതെങ്കിലും ഇതു രോഗവ്യാപനത്തിനേ ഇടയാക്കൂ എന്നാണ് യാത്രക്കാർ പറയുന്നത്. ഇത്രയും യാത്രക്കാർ മറ്റ് ട്രെയിനുകളെ ആശ്രയിക്കുന്നതോടെ തിരക്ക് ഇരട്ടിക്കും. മറ്റ് ഗതാഗത മാർഗങ്ങളെ തേടി പോകുന്നതോടെ ബസുകളിലും റോഡിലും തിരക്കേറും. കോവിഡിന്റെ പേരിൽ പതിവ് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള നീക്കത്തിന് മുന്നോടിയാണോ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണമെന്നും യാത്രക്കാർക്ക് ആശങ്കയുണ്ട്. കോവിഡ് വ്യാപനം കുറക്കാൻ ട്രെയിനുകളും കോച്ചുകളും വർധിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ലോക്ഡൗൺ നിലവിലില്ലാത്തതിനാൽ ആവശ്യക്കാർ യാത്ര മാറ്റിവെക്കില്ലെന്നും അവർ പറയുന്നു. ഫലത്തിൽ മറ്റ് വണ്ടികളിൽ തിരക്കുവർധിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയ ജനറൽ ടിക്കറ്റുകൾ മാവേലി, മലബാർ എക്സ്പ്രസ് ട്രെയിനുകളിൽ പുതുവർഷം മുതലാണ് പുനഃസ്ഥാപിച്ചത്. ഏറെ യാത്രക്കാർ ആശ്രയിക്കുന്ന എഗ്മോർ, വൈകീട്ട് കണ്ണൂരിലെത്തുന്ന മംഗളൂരു- തിരുവനന്തപുരം, മംഗള, നേത്രാവതി തുടങ്ങിയ വണ്ടികൾക്ക് ഇപ്പോഴും ജനറൽ ടിക്കറ്റ് അനുവദിച്ചിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് റെയിൽവേ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിച്ചത്.
ഏറനാട്, പരശുറാം, ഇന്റർസിറ്റി എക്സ്പ്രസുകൾ, പാസഞ്ചർ ട്രെയിനുകൾ എന്നിവക്ക് മാത്രമാണ് നിലവിൽ ജനറൽ, സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കുന്നത്. ട്രെയിൻ ഗതാഗതം പഴയപടിയായിട്ടും പാസഞ്ചർ ട്രെയിനുകളിലടക്കം ടിക്കറ്റ് നിരക്ക് ബസ് ചാർജിനേക്കാൾ കൂടുതലായതിനാൽ യാത്രക്കാർക്ക് പരാതിയുണ്ട്. പിന്നാലെയാണ് ഇരുട്ടടിയെന്നോളം വാരാന്ത്യത്തിൽ വണ്ടികൾ കൂട്ടത്തോടെ റദ്ദാക്കിയത്.