പരിയാരം പഞ്ചായത്ത്; ദേശീയപാതക്ക് വിട്ടുകൊടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം ഉടൻ കൈപ്പറ്റണം -ഓംബുഡ്സ്മാൻ
text_fieldsതളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്ത പൊതുസ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം പരിയാരം പഞ്ചായത്തിന് നൽകാൻ ഓംബുഡ്സ്മാൻ വിധിച്ചു. പരിയാരം സെന്ററിലെ കോടികൾ വിലമതിക്കുന്ന ഭൂമി സംബന്ധിച്ചാണ് ഓംബുഡ്സ്മാൻ വിധി പ്രഖ്യാപിച്ചത്.
ഈ ഭൂമിയുടെ നഷ്ടപരിഹാരത്തുക തട്ടിയെടുക്കാൻ സി.പി.എം വ്യാജരേഖയുണ്ടാക്കി ശ്രമിച്ചതാണ് ഇതോടെ പൊളിഞ്ഞതെന്ന് പരാതിക്കാരനായ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ പറഞ്ഞു. 1975ൽ സ്ഥാപിച്ച് 1985ൽ അഫിലിയേഷൻ ലഭിച്ച, സി.പി.എം നേതൃത്വത്തിലുള്ള കെ.കെ.എൻ പരിയാരം സ്മാരക വായനശാല ഈ ഭൂമിയിലായിരുന്നു ഉണ്ടായിരുന്നത്.
പരിയാരം സെന്ററിലുള്ള കോടികൾ വിലവരുന്ന പഞ്ചായത്തിന്റെ സ്ഥലം വ്യാജരേഖയുണ്ടാക്കി സി.പി.എം നിയന്ത്രണത്തിലുള്ള വായനശാല കമ്മിറ്റി കൈക്കലാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് 2013ൽ അന്നത്തെ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. രാജൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പരാതി നൽകിയിരുന്നു.
പരാതിയെ തുടർന്ന് ഉമ്മൻ ചാണ്ടി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പഞ്ചായത്ത് ഭൂമിയാണെന്ന് തെളിയിച്ചുള്ള കോടതി വിധി വരുകയും ചെയ്തു.
ദേശീയപാതയോരത്ത് കോടികൾ വിലവരുന്ന ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ഏറ്റെടുക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അന്ന് മുതൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ ഭൂമിയിൽനിന്ന് പകുതിയിൽ അധികം സ്ഥലവും കെട്ടിട സമുച്ചയവുമടക്കം ദേശീയപാത വികസനത്തിന് എറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുപ്പിച്ച നോട്ടീസ് കൈപ്പറ്റി 1.30 കോടി രൂപ കൈക്കലാക്കൻ വായനശാല ശ്രമംനടത്തിയതായി കോൺഗ്രസ് ആരോപിച്ചു.
തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി. സജീവൻ ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. ദേശീയപാത അതോറിറ്റി നൽകുന്ന നഷ്ടപരിഹാരത്തുക ഉടൻ കൈപ്പറ്റി പഞ്ചായത്ത് ആസ്തിയിലേക്ക് വകയിരുത്തമെന്നാവശ്യപ്പെട്ടാണ് പരിയാരം ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ പി.വി. സജീവൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ മുമ്പാകെ പരാതി സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക ഒരുമാസത്തിനുള്ളിൽ കൈപ്പറ്റണമെന്ന വിധി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

