മലിനജലം ഒഴുക്കി; സ്വകാര്യ ആശുപത്രിയടക്കം മൂന്നു സ്ഥാപനങ്ങൾക്ക് 25,000 രൂപ പിഴ
text_fieldsപാപ്പിനിശ്ശേരി: മലിനജലം അനധികൃതമായി ഒഴുക്കിവിട്ടതിന്റെ പേരിൽ പാപ്പിനിശ്ശേരിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയടക്കം മൂന്നു സ്ഥാപനങ്ങൾക്ക് ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൊത്തം 25,000 രൂപ പിഴ ചുമത്തി.
പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കാട്ടിലെപള്ളി സമീപം പ്രവർത്തിക്കുന്ന ന്യൂലാൻഡ് ഹോട്ടൽ, എം.എം. ആശുപത്രി, ഹുസൈനിയ്യ യത്തീംഖാന എന്നീ സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയത്.
ന്യൂലാൻഡ് ഹോട്ടലിന്റെ അടുക്കളയിൽ നിന്നുള്ള മലിനജലം സെപ്റ്റിക് ടാങ്കിലേക്ക് വിടാതെ പിൻവശത്തുകൂടി തുറസായി പൊതു ചാലിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തി. കൂടാതെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടുപ്പിൽ കത്തിച്ചതും ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തി.
എം.എം. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ നിന്നുള്ള മലിനജലം സമീപത്തെ ഹുസൈനിയ്യ യത്തീംഖാനയുടെ ചുറ്റുമതിലിനുള്ളിലൂടെ ഒഴുക്കിവിടുന്നതായി കണ്ടെത്തി. വാഷിങ് ഏരിയയിലെ മലിനജലവും തുറസായി ഒഴുകുന്ന നിലയിലായിരുന്നു. ഇതിനെ തുടർന്ന് എം.എം.ആശുപത്രിക്ക് 10,000 രൂപയും ഹുസൈനിയ്യ യത്തീംഖാനക്ക് 5,000 രൂപയും പിഴ ചുമത്തി.
ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്തണമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദേശിച്ചു. പരിശോധനയ്ക്ക് ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. സുമിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

