പുതിയതെരു-പാപ്പിനിശ്ശേരി പാതയിൽ കുരുക്കഴിക്കൽ പ്രവൃത്തിക്ക് തുടക്കം
text_fieldsകണ്ണൂർ: പുതിയതെരു-പാപ്പിനിശ്ശേരി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. പാപ്പിനിശ്ശേരി ക്രിസ്ത്യൻ പള്ളി മുതൽ വളപട്ടണം ടോൾ മന്ന വരെയുള്ള റോഡിലെ തിരക്ക് കുറക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. വളപട്ടണം പാലത്തിന് സമീപം പഴയങ്ങാടിയിലേക്ക് തിരിയുന്ന ജങ്ഷനിൽനിന്ന് പാപ്പിനിശ്ശേരിയിലേക്ക് 200 മീറ്ററിൽ ഡിവൈഡർ സ്ഥാപിക്കും. റോഡ് സുരക്ഷ മുൻനിർത്തി കോൺക്രീറ്റിലാണ് ഡിവൈഡറുകൾ നിർമിക്കുന്നത്.
റോഡിന്റെ ഇരുവശവും മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും തുടങ്ങി. സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി യോഗം അടിയന്തര ഇടപെടലിനായി അനുവദിച്ച 27 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി തുടങ്ങിയത്. ടെൻഡർ നടപടികളെല്ലാം പൂർത്തിയാക്കി ബുധനാഴ്ചയാണ് പ്രവൃത്തി തുടങ്ങിയത്.
പുതിയതെരു ഭാഗത്തെ റോഡിന്റെ വീതിക്കുറവ്, ചിതറിയോടുന്ന വാഹനങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങള്‍, അനധികൃത പാര്‍ക്കിങ്, വാഹനങ്ങളുടെ പെരുപ്പം തുടങ്ങിയവയാണ് ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി കണ്ടെത്തിയത്. ഡിവൈഡർ സ്ഥാപിക്കുന്നതോടെ വാഹനങ്ങൾ നേർദിശയിലല്ലാതെ ചിതറി ഓടുന്നത് ഒഴിവാക്കാനും ഒരുപരിധിവരെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കും.
സിറ്റി റോഡ് വികസനപദ്ധതിയും യാഥാർഥ്യമാകുന്നതോടുകൂടി പുതിയതെരുവിലെ ഗതാഗതക്കുരുക്ക് പൂർണമായി ഇല്ലാതാക്കാൻ സാധിക്കുമെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു. പുതിയതെരു -പാപ്പിനിശ്ശേരി റോഡിലെ ഗതാഗതക്കുരുക്ക് നേരത്തെ ജില്ലയിലെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് റോഡ് സുരക്ഷാവിഭാഗം 27 ലക്ഷം രൂപ അനുവദിച്ചത്.
ദേശീയപാതയിൽ രാവിലെയും വൈകീട്ടും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഈ മേഖലയിലെ കുരുക്കഴിക്കാനായിരുന്നില്ല. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ ദേശീയപാതയിൽ താഴെചൊവ്വ മുതൽ പുതിയതെരു വരെ ഗതാഗതക്കുരുക്ക് പതിവാണ്.
വാഹനങ്ങൾ ഇഴഞ്ഞാണ് ഇതുവഴി നീങ്ങിയിരുന്നത്. പുതിയതെരു -പാപ്പിനിശ്ശേരി റോഡിൽ ഡിവൈഡർ അടക്കമുള്ള സംവിധാനങ്ങൾ വരുന്നതോടെയും മാഹി, കണ്ണൂർ ബൈപാസുകളുടെ നിർമാണം പൂർത്തിയാകുന്നതോടെയും ജില്ലയിലെ ഗതാഗതം സുഗമമാകും.