പുതിയതെരു -കൊറ്റാളി മിനി ബൈപാസ്: സർവേ കല്ലിടലിൽ വ്യാപക പ്രതിഷേധം
text_fieldsമിനി ബൈപാസ് റോഡ് സർവേ പ്രവൃത്തിക്ക് സംരക്ഷണമൊരുക്കാൻ പൊലീസ് സംഘമെത്തിയപ്പോൾ
പാപ്പിനിശ്ശേരി: പുതിയതെരു -കൊറ്റാളി മിനി ബൈപാസ് സർവേയുമായി ബന്ധപ്പെട്ട് കല്ലിടാനെത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞു. മുന്നറിയിപ്പില്ലാതെ വീട്ടുപറമ്പിൽ കയറി സർവേ നടത്തിയതാണ് നാട്ടുകാർ ചോദ്യം ചെയ്തത്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശത്തെ മുഴുവൻ പേർക്കും നോട്ടീസ് നൽകാതെ പറമ്പിൽ അതിക്രമിച്ചുകയറി കല്ലിടുന്ന നടപടിയാണ് അധികൃതർ നടത്തുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.
രണ്ടുമാസം മുമ്പ് ഇതേ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ വിളിച്ച യോഗത്തിൽ നൂറോളം പേർ പങ്കെടുത്തിരുന്നു. എന്നാൽ, അതിൽ ആറുപേർക്ക് മാത്രമാണ് സംസാരിക്കാൻ കലക്ടര്‍ അനുമതി നൽകിയത്. ഒടുവിൽ സംസാരിച്ചവർക്ക് മാത്രമാണ് പ്രതിഷേധം എന്ന നിലപാടിലാണ് ജില്ല കലക്ടർ എത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.
മിനി ബൈപാസ് റോഡ് ആരംഭിക്കുന്നത് പുതിയതെരു സ്റ്റൈലോ ജങ്ഷനിൽ നിന്നാണ്. ഇവിടെ നിന്ന് പുറപ്പെടുന്ന റോഡിലെ എസ് ആകൃതിയിലുള്ള വളവ് നിവർത്താതെ നിർമാണം നടത്തുന്ന നടപടിയിലും പ്രതിഷേധമുണ്ട്.
സർവേ തടഞ്ഞതിനെ തുടർന്ന് വളപട്ടണം പൊലീസിന്റെ നേതൃത്വത്തിൽ സമരക്കാരെ പിരിച്ചുവിടുകയും സർവേ നടപടി പുനരാരംഭിക്കുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഹംസ ഹമീദ് ഹാജി, സെക്രട്ടറി ബൈജു, പത്മരാജൻ, സംഗീത ടീച്ചർ എന്നിവർ അനധികൃത കല്ലിടല്‍ നടപടിയിൽ പ്രതിഷേധിച്ചു.
പുതിയതെരു സ്റ്റൈലോ ജങ്ഷൻ മുതൽ കൊറ്റാളി, കുഞ്ഞിപ്പള്ളി, കക്കാട്, ധനലക്ഷ്മി ജങ്ഷൻ വഴി താണ വരെ 7.04 കിലോമീറ്റർ നീളത്തിലാണ് കല്ലുകൾ സ്ഥാപിക്കുന്നത്.
കുറഞ്ഞത് 14 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. വളവുകളിലും മറ്റ് റോഡുകൾ ചേരുന്ന സ്ഥലങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ആവശ്യമായ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആർ.ആർ.എഫ്.ബി അസി. പ്രോജക്ട് മാനേജർ മുഹമ്മദ് നിസാൻ, ഓവർസിയർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. പ്രവൃത്തി ഇന്നും തുടരും.