കെ.എസ്.ടി.പി റോഡ് നവീകരണം തുടങ്ങി
text_fieldsപാപ്പിനിശ്ശേരി-പഴയങ്ങാടി കവലയിൽ മെക്കാഡം ടാറിങ് നടത്തുന്നു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നവീകരിച്ച റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ചെയ്ത് നവീകരിക്കാൻ തുടങ്ങി. പൊട്ടിപ്പൊളിഞ്ഞ പാപ്പിനിശ്ശേരി-പഴയങ്ങാടി കവല മുതൽ 500 മീറ്റർ നീളത്തില്‍ കാട്ടിലപ്പള്ളിക്കുസമീപം വരെയാണ് പ്രവൃത്തി നടത്തുന്നത്.
തുടർന്ന് പാപ്പിനിശ്ശേരി കവലയിൽ നിന്നു 11 കിലോമീറ്റർ അകലെ 600 മീറ്ററും 17 കിലോ മീറ്റർ അകലെ 600 മീറ്ററും മെക്കാഡം ചെയ്യും. ഇത്രയും ഭാഗങ്ങളിലാണ് റോഡ് കൂടുതൽ തകർന്നിരിക്കുന്നതെന്ന് പൊതുമരാമത്ത് എൻജിനീയർ അറിയിച്ചു. മൂന്നു പ്രവൃത്തികൾക്കായി 75 ലക്ഷം രൂപയാണ് വകയിരുത്തിയത്.
2018ൽ ഉദ്ഘാടനം നടത്തിയ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി രണ്ട് മേൽപാലങ്ങളും നിർമിച്ചിരുന്നു. എന്നാൽ, ഇവ രണ്ടും നിരവധി അപാകതകൾ നിറഞ്ഞതിനാൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാൻ ഇതുവരെ തയാറായില്ല.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താൽ മാത്രമേ മെച്ചപ്പെട്ട നിലയിൽ പ്രവൃത്തി നടത്തുക സാധ്യമാകൂ. പാലത്തിലെ ഉപരിതലത്തിൽ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതുകാരണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കില്ലെന്നാണ് അറിയുന്നത്. ഒരുഭാഗത്ത് റിപ്പയർ ചെയ്താൽ തൊട്ടടുത്ത് കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ്. 120 കോടി ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.