നാടിനെ നടുക്കി വാഹനാപകടം; അപകട പാതയായി കെ.എസ്.ടി.പി റോഡ്
text_fieldsപാപ്പിനിശ്ശേരി: വർഷങ്ങളായി പാപ്പിനിശ്ശേരി, കല്യാശ്ശേരി പ്രദേശത്തെ ജനങ്ങൾ രാവിലെ ഉണരുന്നത് വാഹനാപകട ദുരന്ത വാർത്തകൾ കേട്ടാണ്. കെ.എസ്.ടി.പി റോഡിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്കാണ് അതിദാരുണമായി ജീവൻ നഷ്ടമായത്.
120 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതിനു ശേഷം ഓരോവർഷവും 150ലധികം പേർക്കാണ് റോഡിൽ ജീവൻ നഷ്ടമാകുന്നത്.
അപകടത്തിൽപെട്ട് കൈകാലുകൾ ഒടിഞ്ഞവരും കിടപ്പിലായവരും നൂറുകണക്കിനാണ്.മതിയായ റോഡുസുരക്ഷ സംവിധാനവും ഡിവൈഡറും വേണമെന്ന ആവശ്യം ഇനിയും അധികൃതർ പരിഗണിച്ചിട്ടില്ല.
ശനിയാഴ്ച പുലർച്ച കണ്ണപുരം പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിക്കുപിന്നിൽ ഇടിച്ചാണ് അപകടം. യുവാക്കളായ രണ്ടു സുഹൃത്തുക്കൾ കുടുംബസമേതം മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
പുലർച്ച രണ്ടുമണിയായതിനാൽ റോഡിൽ ആരുമുണ്ടായിരുന്നില്ല. പിന്നാലെ വന്ന വാഹനത്തിൽ ഉണ്ടായിരുന്നവരാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. മരിച്ച പ്രജിലിന്റെ സുഹൃത്ത് ബിജിലാണ് കാർ ഓടിച്ചത്.
ചിറക്കൽ അലവിലിലെ കരിക്കൻ വീട്ടിൽ പരേതനായ കൃഷ്ണന്റെയും സുഷമയുടെയും മകനായ പ്രജിൽ (34), പൂതപ്പാറ ഓം നിവാസിൽ ലക്ഷ്മണൻ -ലീല ദമ്പതികളുടെ മകൾ പൂർണിമ (30) എന്നിവരാണ് മരിച്ചത്.