മേൽപാലത്തിൽ അറ്റകുറ്റപ്പണി നടത്തിയത് 12 തവണ; കുഴിയടക്കൽ യജ്ഞം തുടരുന്നു
text_fieldsഅറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞദിവസം രാത്രി പാലത്തിന്റെ ഉപരിതലത്തില്‍ മുറിച്ചു മാറ്റി
പ്രവൃത്തി നടത്തിപ്പോൾ
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴി അടക്കലിന് ഫലമില്ലെങ്കിലും അധികൃതർ കുഴി അടക്കൽ യജ്ഞം തുടരുന്നു. കഴിഞ്ഞദിവസം രാത്രിയിലും അറ്റകുറ്റപണി നടക്കുകയായിരുന്നു. സ്ഥിരമായി കുഴികൾ രൂപപ്പെടുന്ന സ്പാനുകളുടെ ഉപരിതലത്തിൽ രണ്ട് മീറ്ററിലധികം പല സ്ഥലത്തും മുറിച്ചു മാറ്റിയാണ് വീണ്ടും ടാറിങ് നടത്തി ബലപ്പെടുത്തിയത്.
തെരുവു വിളക്ക് പോലും ഇല്ലാത്ത പാലത്തിന്റെ ഉപരിതലത്തിലെ പല ഭാഗങ്ങളിലും അര അടിയോളം ആഴത്തിൽ മുറിച്ചത് വാഹനയാത്രികരെയും ദുരിതത്തിലാക്കി. ഇരുചക്രവാഹനങ്ങൾ രാത്രിയിൽ കുഴിയിൽ വീഴുകയും ചെയ്തു. ഒടുവിൽ സിഗ് നൽ ബോർഡ് സ്ഥാപിച്ചാണ് വെള്ളിയാഴ്ച പുലർച്ച പ്രവൃത്തി പൂർത്തീകരിച്ചത്. പാലത്തിന്റെ ബലക്ഷയം പരിശോധിക്കുന്നതിനായി സന്ദർശനം നടത്താറുണ്ടെങ്കിലും അപാകത പരിഹരിക്കാനുള്ള സ്ഥിരമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാലവർഷം തുടങ്ങിയത് മുതൽ കുഴി അടക്കൽ യജ്ഞം തകൃതിയായി നടക്കുന്നുണ്ട്.
12 തവണയാണ് അറ്റകുറ്റപ്പണി നടന്നത്. കുഴിയടച്ച് തൊട്ടടുത്ത ദിവസം തന്നെ പുതിയ അപാകതകൾ ഉണ്ടാവുന്ന സ്ഥിതിയാണ്. എക്സ്പൻഷൻ ജോയന്റിൽ വിള്ളൽ, തൂണുകളിൽ വിള്ളൽ, കുഴികൾ, സ്പാനുകളിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്നുവീഴൽ എന്നിവ മേൽപാലം നേരിടുന്ന പ്രധാന പ്രശ്നങ്ങളായി തുടരുകയാണ്. 2018 നവംബറിൽ പാപ്പിനിശ്ശേരി- പിലാത്തറ റോഡ് ഔപചാരികമായി ഉദ്ഘാടനം ചെയ്തെങ്കിലും പാപ്പിനിശ്ശേരി- താവം മേൽപാലങ്ങൾ ഇനിയും പൊതുമരാമത്ത് ഏറ്റെടുത്തിട്ടില്ല. പലങ്ങളുടെ അപാകതകൾ പരിഹരിക്കാതെ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും പൊതുമരാമത്ത് വകുപ്പ്. ഇപ്പോഴും അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുന്നത് കെ.എസ്.ടി.പിയും കരാറുകാരായ ആർ.ഡി.എസുമാണ്.