വളപട്ടണം പാലത്തിൽ ബസിന് പിന്നില്‍ ലോറിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്
text_fieldsദേശീയപാതയിൽ വളപട്ടണം പാലത്തിൽ സ്വകാര്യ ബസിന്
പിന്നില്‍ ചരക്ക് ലോറിയിടിച്ച നിലയിൽ
പാപ്പിനിശ്ശേരി: ദേശീയപാതയിൽ വളപട്ടണം പാലത്തിൽ സ്വകാര്യ ബസിന് പിന്നില്‍ ചരക്ക് ലോറിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുന്ന ഒനിക്സ് ബസിന് പിന്നിലാണ് അതേ ദിശയിൽ പോവുകയായിരുന്ന ചരക്ക് ലോറിയിടിച്ചത്. ബസ് കണ്ടക്ടർ കുറ്റ്യാട്ടൂര്‍ സ്വദേശി കെ. ഷൈജുവി (44) ന്റെ കാലിലെ എല്ല് പൊട്ടുകയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാൽ, പിന്നിട് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. ബസ് ക്ലീനര്‍ അഞ്ചരക്കണ്ടി സ്വദേശി രാമദാസി (55) ന്റെ തലയില്‍ ഗ്ലാസ് തറച്ചുകയറി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബസ് യാത്രക്കാരനായ കൂത്തുപറമ്പ് സ്വദേശി ഷാജു (42), പന്നേരിചാൽ സ്വദേശി ശ്രീജിത്ത് (45), ഇരിവേരി സ്വദേശി മിഥുൻ (32), വയനാട് സ്വദേശികളായ എബിൻ (23), അഖിൽ (23) എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സുൽത്താൻ ബത്തേരി സ്വദേശി ഫർഹാൻ (25) പാപ്പിനിശ്ശേരി എം.എം ആശുപത്രിയിലും ചികിത്സ തേടി. വ്യാഴാഴ്ച ഉച്ചയോടെ 11.20നാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗവും ബസിന്റെ പിന്‍ഭാഗവും ചെയ്സും തകര്‍ന്ന് പുറത്തേക്ക് തള്ളി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഖലാസികളുടെ സഹായത്തോടെ ഉച്ചയോടെ ക്രെയിന്‍ ഉപയോഗിച്ച് ലോറിയും ബസും നീക്കം ചെയ്തു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.