അംഗൻവാടി കുട്ടിയെ മർദിച്ചതായി പരാതി
text_fieldsകല്യാശ്ശേരി: പഞ്ചായത്തിലെ സെൻട്രൽ നമ്പർ 2 പാറക്കടവ് അംഗൻവാടിയിലെ പിഞ്ചുകുട്ടിയെ ഹെൽപർ നുള്ളുകയും ഭയപ്പെടുത്തുകയും ചെയ്തതായി പരാതി. പാറക്കടവ് ഹരിജൻ കോളനിയിലെ പി.വി. റംസീനയാണ് പരാതിക്കാരി. പിഞ്ചുകുട്ടി കുളിമുറിയുടെ പുറത്ത് മൂത്രമൊഴിച്ചതിനാണ് നുള്ളിയതും ഭയപ്പെടുത്തിയതുമെന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നത്.
കണ്ണപുരം പൊലീസിലും കല്യാശ്ശേരി ശിശു വികസന ഓഫിസിലും ജില്ല ഓഫിസിലും പരാതി നൽകിയിരുന്നു. തുടർന്നാണ് ശനിയാഴ്ച പരാതി അദാലത്ത് നടന്നത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. അന്നുതന്നെ പരാതി നൽകിയതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ സി.ഡി.പി.ഒ നിർമല അന്വേഷണത്തിനായി അംഗൻവാടിയിലെത്തി. രക്ഷിതാക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിഷ, രാഷ്ട്രീയ നേതാക്കൾ എന്നിവരും സ്ഥലത്തെത്തി.
മണിക്കൂറുകളോളം ചർച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു. പരാതി നൽകിയ പി.വി. റംസീന പരാതിയിൽ ഉറച്ചുനിന്നു. മനുഷ്യാവകാശ കമീഷനിലടക്കം പരാതിയുമായി പോകുമെന്ന് റംസീന ചർച്ചയിൽ അറിയിച്ചു. പ്രശ്നം ഉണ്ടായതിനുശേഷം കുട്ടിയെ അംഗൻവാടിയിൽ പ്രവേശിപ്പിക്കുന്നത് നിഷേധിച്ചതായി കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.