ഗൾഫ് കറൻസിക്ക് പകരം കടലാസ്; തളിപ്പറമ്പിലും 7.35 ലക്ഷം തട്ടി
text_fieldsകണ്ണൂർ: ഇന്ത്യന്‍ രൂപക്ക് പകരം വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് പശ്ചിമബംഗാൾ സ്വദേശി ആഷി ഖാനും സംഘവും തളിപ്പറമ്പിൽനിന്നും പണം തട്ടി. പുവ്വം കൂവേരിയിലെ പുന്നക്കന്‍ വീട്ടില്‍ ബഷീറിൽനിന്ന് 7.35 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പശ്ചിമബംഗാള്‍ നോര്‍ത്ത് 24 ഫര്‍ഗാന സ്വദേശി ആഷിഖ് ഖാന് (34), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തത്.
ആഗസ്റ്റ് 11ന് ഉച്ചക്ക് 2.30ന് ഇവര്‍ താമസിക്കുന്ന കാക്കാത്തോട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍വെച്ചാണ് 7.35 ലക്ഷം രൂപ കൈമാറിയത്. പകരമായി 10 ലക്ഷം രൂപ മൂല്യമുള്ള റിയാൽ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, റിയാൽ എന്ന പേരിൽ കടലാസ് പൊതി നൽകി കബളിപ്പിക്കുകയായിരുന്നു.
തുടർന്ന് ബഷീർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ സംഭവത്തില്‍ ആഷിഖ് ഖാന്റെ പേരില്‍ വളപട്ടണം പൊലീസും കേസെടുത്തിട്ടുണ്ട്. കാട്ടാമ്പള്ളിയിലെ വ്യാപാരിയിൽനിന്ന് ഇന്ത്യൻ രൂപക്ക് പകരം ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് ഏഴുലക്ഷം രൂപയാണ് തട്ടിയത്.
മയ്യിൽ സ്വദേശി പി.കെ. സിറാജുദ്ദീനാണ് പണം നഷ്ടമായത്. ഈ കേസിൽ പിടിയിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഷൊർണൂരിൽ സമാന തട്ടിപ്പ് നടത്തുന്നതിനിടെയാണ് ആഷി ഖാൻ വലയിലായത്. പിടിയിലാവുമ്പോഴും ഇയാളുടെ കൈയിൽ ഗൾഫ് കറൻസിയെന്ന വ്യാജേന നൽകാനുള്ള പേപ്പർ പൊതിയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന നാലുപേർ ഓടി രക്ഷപ്പെട്ടു. കാസർകോട്ടും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി സംശയമുണ്ട്. സംഘത്തിലുള്ള മറ്റുള്ളവർ പിടിയിലാവാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

