ഷിഗെല്ല: ജില്ലയിൽ കനത്ത ജാഗ്രത; മുഴുവൻ വീടുകളിലും കുടിവെള്ള പരിശോധന
text_fieldsആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭക്ഷ്യകേന്ദ്രങ്ങളിൽ നടന്ന പരിശോധന
പാനൂർ: ഷിഗെല്ല ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കനത്ത ജാഗ്രത. മൊകേരി പഞ്ചായത്തിലെ വാർഡുകളിൽ രണ്ടു കുട്ടികൾക്കാണ് കഴിഞ്ഞദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കൂത്തുപറമ്പ് എം.എൽ.എ പി.കെ. പ്രവീണിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്‌ക്വാഡ് രൂപവത്കരിച്ച് കുടിവെള്ള പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനും തീരുമാനമായി. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങൾ ചേരും.
മൊകേരി പഞ്ചായത്ത് 11ാം വാർഡിൽ നാലുവയസ്സുള്ള കുട്ടിക്ക് വയറിളക്കം, ഛർദി, പനി, മലത്തിൽ രക്തം എന്നിവ കണ്ടതിനെ തുടർന്ന് ജൂൺ എട്ടിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പിറ്റേദിവസം കുട്ടി അഡ്മിറ്റായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടിൽ ആരോഗ്യവകുപ്പ് സംഘം സന്ദർശിച്ചു. നിലവിൽ കുട്ടിയുടെ വീട്ടിൽ മറ്റാർക്കും ലക്ഷണങ്ങളില്ല. കുടുംബാംഗങ്ങൾക്കും സമീപവാസികൾക്കും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ചും സുരക്ഷിത കുടിവെള്ള ഉപയോഗം, വ്യക്തിശുചിത്വം എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടൽകി
മൊകേരി പഞ്ചായത്തിലെ പത്താം വാർഡിലെ എട്ടു വയസ്സുള്ള കുട്ടിക്ക് പത്താം തീയതിയാണ് വയറിളക്കം, പനി, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ചികിത്സ തേടുകയായിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച കുട്ടികളുടെ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. പ്രദേശത്ത് ഫീവർ സർവേയും നടത്തി. കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീട്ടുകാർക്കും സമീപവാസികൾക്കും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
അവലോകനയോഗത്തിൽ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ, വൈസ് പ്രസിഡന്റ് ജയപ്രസാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി.കെ. പുഷ്പ, ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. കെ.സി. സച്ചിൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. രമ്യ, ടെക്നിക്കൽ അസി. എം.ബി. മുരളി, ജില്ല എപ്പിഡമോളജിസ്റ്റ് അഖിൽ രാജ്, മൊകേരി എഫ്.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ദിൽന എന്നിവർ പങ്കെടുത്തു.
എന്താണ് ഷിഗെല്ല
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പടരുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതും ഗുരുതരമാകുന്നതും.
ലക്ഷണങ്ങൾ
രക്തമോ കഫമോ കലർന്ന വയറിളക്കം. കഠിനമായ വയറുവേദനയും മലബന്ധവും. ശക്തമായ പനി, ഛർദി, ഓക്കാനം, അമിതമായ ക്ഷീണവും തളർച്ചയും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറുടെ സേവനം തേടുക. നിർജലീകരണം തടയാൻ ഒ.ആർ.എസ് ലായനി കുടിക്കുക. സ്വയം ചികിത്സയും ആന്റിബയോട്ടിക്കുകൾ സ്വയം കഴിക്കുന്നതും പൂർണമായും ഒഴിവാക്കുക.
പ്രതിരോധം
ശുചിമുറിയിൽ പോയതിന് ശേഷവും ഭക്ഷണം പാകംചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുത്. മയോണൈസ് പോലുള്ളവ ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക. തിളപ്പിച്ചാറിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.
ആരോഗ്യവകുപ്പ് പരിശോധന; 108 കടകൾക്ക് നോട്ടീസ്, ഒരുകട പൂട്ടണം
ജില്ലയിൽ ഷിഗെല്ല രോഗം റിപോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. 94 സ്ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിലാണ് പരിശോധിച്ചത്. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, കരിമ്പിൻ ജ്യൂസ് കടകളിൽ ഉൾപ്പെടെ 1108 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതും ശുചിത്വം കുറഞ്ഞതും ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 108 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടീസ് നൽകി. ഒരു ഭക്ഷ്യ പാനീയ വിൽപനശാല അടച്ചുപൂട്ടാനും നിർദേശം നൽകി. തുടർദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. കെ.സി. സച്ചിൻ അറിയിച്ചു.
ജാഗ്രത പുലർത്തണം -മേയർ
കണ്ണൂർ: ഷിഗല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ അതിജാഗ്രത പുലർത്തണമെന്ന് മേയർ. നഗരത്തിലെ ഹോട്ടലുകൾ, ഭക്ഷ്യ യൂനിറ്റുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലെയും വീടുകളിലെയും കിണറുകളും ടാങ്കുകളും കൃത്യമായി ശുചീകരിക്കണമെന്നും ഹോട്ടലുകളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും മേയർ പറഞ്ഞു. കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് ജില്ലയിൽ കനത്ത ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടി പരിഗണിച്ച് ഹോട്ടലുകളിലും സ്ഥാപനങ്ങളിലും കർശന പരിശോധന നടത്തുമെന്നും ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

