ദൈവത്തിനെന്തിനാ പണം..? ചോദ്യം മോഷ്ടാവിന്റേത്
text_fieldsപ്രതി അബ്ദുല്ലയുമായി പൊലീസ് ക്ഷേത്രത്തിൽ തെളിവെടുപ്പു നടത്തുന്നു
പാനൂർ: 17ാം വയസിൽ മോഷണത്തിനിറങ്ങിയ നാദാപുരം തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുല്ലയുടെ പാനൂർ പൊലീസിനോടുള്ള ചോദ്യമാണിത്. എലാങ്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, പുത്തൂർ കുയിമ്പിൽ ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ്, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങിയ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതിയെ സാഹസപ്പെട്ടാണ് പൊലീസ് പിടികൂടിയത്. അഞ്ച് ദിവസത്തോളം പൊലീസ് ഇതിനായി മംഗളൂരുവിൽ ക്യാമ്പ് ചെയ്തു. ഇവിടെയുള്ള പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ സഹായവും തേടി. ഇവർ നൽകിയ സൂചനയിലൂടെയാണ് പ്രതിയിലേക്കെത്തിയത്.
പിടികൂടി പാനൂർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് 'ദൈവത്തിനെന്താ പണമെന്ന്' അബ്ദുല്ല ചോദിച്ചത്. 'ഭക്തർ നൽകിയ പണമാണ്. പീന്നീടത് ദൈവത്തിന്റേതായി'. ദൈവത്തിനെന്തിനാണ് പണമെന്ന് തന്നെ കാണാനെത്തിയ ക്ഷേത്രം ഭാരവാഹികളോടും അബ്ദുല്ല ചോദിക്കുന്നുണ്ടായിരുന്നു. പള്ളിയിൽ കയറി മോഷ്ടിക്കുമൊയെന്ന ക്ഷേത്രം ഭാരവാഹിയുടെ ചോദ്യത്തിന് എല്ലായിടത്തും കയറുമെന്നായിരുന്നു മറുപടി.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'പൊൻകുരിശു തോമ' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു അബ്ദുല്ലയുടെ പ്രകടനം. കോഴിക്കോട്, മലപ്പുറം ജില്ലകളിലും അബ്ദുല്ലക്കെതിരെ നരവധി പരാതികളും കേസുകളുമുണ്ട്. വടകരയിലെ ഒരു ക്ഷേത്രത്തിൽ മോഷണം നടത്തി അറസ്റ്റിലായ അബ്ദുല്ല ഈയിടെ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുകയായിരുന്നു. പാനൂർ സി.ഐ എം.വി. ഷീജു, എസ്.ഐമാരായ പി.ആർ. ശരത്ത്, മരിയ പ്രിൻസ്, എ.എസ്.ഐമാരായ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

