എൻ.എ.എമ്മിൽ ഓപൺ എയർ ക്ലാസ് റൂം
text_fieldsകല്ലിക്കണ്ടി എൻ.എ.എം കോളജിൽ ഒരുക്കിയ ഓപൺ എയർ ക്ലാസ് റൂം
പാനൂർ: ഓപൺ എയർ ക്ലാസ് റൂം സംവിധാനമൊരുക്കി കല്ലിക്കണ്ടി എൻ.എ.എം കോളജ്. കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് മാനേജ്മെന്റ് സഫലീകരിച്ചത്.
വിപുലമായ രീതിയിലുള്ള പാർക്കിങ് സംവിധാനത്തോട് കൂടിയതാണ് തുറസ്സായ ക്ലാസ് റൂം സംവിധാനം. അര ഏക്കർ സ്ഥലത്താണ് പാർക്കും ക്ലാസ് റൂമും. പ്രോഗ്രാം നടത്താനാവശ്യമായ ഓപൺ സ്റ്റേജും ഇതോടനുബന്ധിച്ചുണ്ട്. ഇരുന്നൂറോളം കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യം പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
പാർക്കിൽ വാട്ടർ ഫൗണ്ടൻ സംവിധാനമുണ്ട്. നടപ്പാത ടൈൽ പാകിയും മിക്കയിടങ്ങളിലും പച്ചപ്പുല്ല് വിരിച്ചും ഭംഗിയാക്കി. കോളജ് ലൈബ്രറിയുടെ മുൻവശത്താണ് ഇതൊരുക്കിയത്. അധ്യാപകർക്ക് ക്ലാസെടുക്കാനും സംവിധാനമുണ്ട്. കോളജിൽ നടക്കുന്ന പൊതുപരിപാടികളും ഇവിടെ നടത്താനാകുമെന്നതും പ്രത്യേകതയാണ്.
ഏകദേശം 25 ലക്ഷമാണ് മാനേജ്മെന്റ് ചെലവഴിച്ചത്. ഉദ്ഘാടനം നാളെ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിക്കും. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. തങ്കമണി മുഖാതിഥിയാവും. പ്രമുഖ ഗായകൻ സജീർ കൊപ്പത്തിന്റെ ഇശൽ നൈറ്റും ഒരുക്കിയിട്ടുണ്ടെന്ന് എം.ഇ.എഫ് ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ്, ആർ. അബ്ദുല്ല, പി.പി. അബൂബക്കർ, പ്രിൻസിപ്പൽ ഡോ. ടി. മജീഷ്, സമീർ പമ്പത്ത് എന്നിവർ അറിയിച്ചു.