മാലിന്യക്കെട്ടുകൾ ഇവിടെയുമവിടെയും മൂക്കുപൊത്തി പൊതുജനം
text_fieldsപാനൂർ ബസ് സ്റ്റാൻഡിലെ മാലിന്യക്കെട്ടുകൾ
പാനൂർ: മാലിന്യക്കെട്ടുകൾ ഇവിടെയുമവിടെയും. മൂക്കുപൊത്തി പൊതുജനം. പാനൂർ നഗരസഭയിലെ ശേഖരിച്ച മാലിന്യങ്ങളാണ് കെട്ടുകളായി പാനൂർ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നത്. ഹരിതകർമ സേന ശേഖരിച്ച മാലിന്യം തരംതിരിക്കാനും അതിന് ശേഷവുമാണ് കെട്ടുകളായി പൊതു സ്ഥലത്തുൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നത്.
അതോടൊപ്പം ‘തെളിനീരൊഴുകും നീരുറവ’ പദ്ധതി പ്രകാരം പുഴകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളും പലയിടങ്ങളിലായി കെട്ടുകളായി സൂക്ഷിച്ചിരിക്കുകയാണ്.
ചിലയിടങ്ങളിലൊക്കെ ഇത് ദുർഗന്ധം പരത്തുന്നുണ്ട്. ബസ് സ്റ്റാൻഡിലെ മാലിന്യക്കെട്ടുകളിൽ നിന്ന് ദുർഗന്ധം പടരുന്നതായി വ്യാപാരികൾ പറയുന്നു. ഹരിത മിഷൻ പദ്ധതിയിൽ ശേഖരിച്ച മാലിന്യങ്ങൾ ശേഖരിക്കാനും വേർതിരിക്കാനും കനകമലയിൽ മിനി എം.സി.എഫ് യൂനിറ്റിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി അവസാനത്തോടെ പ്രവർത്തനസജ്ജമാവുമെന്നും നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എത്രയും പെെട്ടന്ന് എം.സി.എഫ് യൂനിറ്റിന്റെ പ്രവർത്തനം ആരംഭിച്ചാൽ മാലിന്യ ദുർഗന്ധത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.