നാലുവരിപ്പാത: വീണ്ടും കുറ്റിയിടൽ തടഞ്ഞ് നാട്ടുകാർ
text_fieldsനാലുവരിപ്പാത കുറ്റിയിടൽ കച്ചേരിമൊട്ട പെരിങ്ങളം വില്ലേജ് ഓഫിസിന് സമീപം നാട്ടുകാർ തടയുന്നു
പാനൂർ:പെരിങ്ങത്തൂർ-മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത കുറ്റിയിടൽ കച്ചേരിമൊട്ട പെരിങ്ങളം വില്ലേജ് ഓഫിസിന് സമീപം നാട്ടുകാർ വീണ്ടും തടഞ്ഞു. കഴിഞ്ഞ ദിവസവും നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു.മുന്നറിയിപ്പില്ലാതെ കുറ്റിയിടാൻ എത്തിയ അധികൃതരുടെ ശ്രമമാണ് നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് വീണ്ടും നിർത്തിവച്ചത്. നഗരസഭ, ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ നിന്ന് കുറ്റിയിടലിനെ കുറിച്ച് ഒരു അറിയിപ്പും വീട്ടുടമക്ക് ലഭിച്ചിരുന്നില്ലെന്നാണ് പരാതി.
കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരാണ് കുറ്റിയിടലിന് എത്തിച്ചേർന്നത്.കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രജിത്കുമാർ, അസിസ്റ്റന്റ് എൻജിനീയർ സി. സോന, ലാൻഡ് അക്വിസിഷൻ തഹസിൽദാർ ജീന എന്നിവർ സ്ഥലത്തെത്തി. പെരിങ്ങത്തൂരിൽ നിന്നാണ് കുറ്റിയിടൽ ആരംഭിച്ചത്. വഖഫ് ബോർഡിന്റെ 400 മീറ്റർ സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. എട്ട് കിലോമീറ്റർ കുറ്റിയിടലാണ് കച്ചേരി മൊട്ടയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ആരംഭിച്ചത്.
ഊരാളുങ്കൽ സൊസൈറ്റിയാണ് സ്ഥലം കരാർ ഏറ്റെടുത്തത്. കെ. രമേശൻ ,സി.എം ഭാസ്കരൻ, പി.വി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തി കുറ്റിയിടൽ തടഞ്ഞു. വീട്ടുടമക്ക് അറിയിപ്പ് ലഭിക്കാതെ കുറ്റിയിടൽ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാര്യങ്ങൾ ജില്ല കലക്ടറെയും സിറ്റി പൊലീസ് കമീഷണറെയും ധരിപ്പിച്ചിട്ടുണ്ടെന്ന് കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രജിത് കുമാർ പറഞ്ഞു. കുറ്റിയിടൽ പ്രക്രിയയുമായി മുന്നോട്ടുപോകുമെന്ന്എൻജിനീയർ അറിയിച്ചു.
ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.പെരിങ്ങത്തൂർ മുതൽ മട്ടന്നൂർ വരെ 28.5 കിലോമീറ്റർ ദൂരമാണ് കുറ്റിയിടൽ നടത്തേണ്ടത്.കച്ചേരി മൊട്ടക്കും കീഴ്മാടത്തിനും ഇടയിൽ 40 മീറ്റർ വീതിയിൽ 14 വീടുകൾ പൊളിച്ചുമാറ്റേണ്ടി വരും. 27ന് ജില്ല കലക്ടറുമായി ചർച്ച നടത്താമെന്ന ധാരണയിൽ കുറ്റിയിടൽ നിർത്തിവച്ചു.