അധികാരികൾ മറന്നോ ഈ കുടിവെള്ള പദ്ധതിയെ?
text_fieldsകണ്ണംവെള്ളി തെരു കുടിവെള്ള പദ്ധതി
പാനൂർ: രണ്ട് ദശാബ്ദക്കാലം മുമ്പ് ഏറെ പ്രതീക്ഷയോടെ സ്ഥാപിച്ച കുടിവെള്ള പദ്ധതിയെ അധികാരികൾ മറന്നു. 22 വർഷം മുമ്പേ ഉദ്ഘാടനം ചെയ്യപ്പെട്ട കണ്ണംവെള്ളി തെരു കുടിവെള്ള പദ്ധതിയാണ് തീർത്തും പാഴായ നിലയിലായത്. പദ്ധതി പ്രകാരം ഇതുവരെ ഒരു തുള്ളി വെള്ളംപോലും ആർക്കും ലഭിച്ചിട്ടില്ല.
2000ത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് പെരിങ്ങളം ഗ്രാമപഞ്ചായത്ത് നിർമിച്ചതാണ് കണ്ണംവെള്ളി തെരു കുടിവെള്ള പദ്ധതി. ഇന്നു പെരിങ്ങളം പാനൂർ നഗരസഭയുടെ ഭാഗമാണിത്. പദ്ധതിയുടെ ഭാഗമായി നിർമിച്ച കിണറിടിഞ്ഞു വൃത്തിഹീനമായ നിലയിലാണ്. മോട്ടോർ പ്രവർത്തിക്കുന്നില്ല. ടാങ്ക് നോക്കുകുത്തിയായി. കിണറിന്റെ പരിസരത്തേക്ക് പോകാൻ പറ്റാത്ത രീതിയിൽ കാട് കയറി.
കിണർ ഇടിഞ്ഞുതാണത് സമീപത്തെ വീടിനു ഭീഷണിയാണ്. കിണർ ഇനിയും ഇടിഞ്ഞു താഴ്ന്നാൽ വീടിനു കേടുപാടു സംഭവിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണിത്.
ഇപ്പോൾ പാനൂർ നഗരസഭയിലെ 11-ാം വാർഡിലാണ് കിണറും പമ്പ് ഹൗസും ഉള്ളത്. കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നഗരസഭയുടെ ഭാഗത്ത്നിന്നും ഒരു ശ്രമവും ഉണ്ടാകുന്നില്ല. ഗുണഭോക്താക്കളാണ് വൈദ്യുതി ചാർജ് പോലും അടക്കുന്നത്. വലിയ പ്രതീക്ഷയിൽ സ്ഥാപിച്ച പദ്ധതി തകർന്നതിൽ നാട്ടുകാർ അമർഷത്തിലാണ്. വേനൽക്കാലം ആരംഭിക്കുന്നതിനു മുമ്പേ കിണർ നവീകരിച്ച് കുടിവെള്ള പദ്ധതി നന്നാക്കിയാൽ നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.