യുവമോർച്ച നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
text_fields1. വധശ്രമക്കേസ് പ്രതി സച്ചു
2. യുവമോർച്ച ജില്ല സെക്രട്ടറി സ്മിൻതേഷ്
പാനൂർ: പാറാലിൽ സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ യുവമോർച്ച നേതാവിന്റെ വീട്ടിൽനിന്ന് ചൊക്ലി പൊലീസ് പിടികൂടി.
പള്ളൂർ ചെമ്പ്രയിലെ അമൽ എന്ന സച്ചുവിനെയാണ് (30) യുവമോർച്ച ജില്ല സെക്രട്ടറി അണിയാരം കൊയപ്പാൽ സ്മിൻതേഷിന്റെ (40) വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ച 12.30 ഓടെയാണ് വീടുവളഞ്ഞ് പ്രതിയെ പിടികൂടിയത്. ജില്ല പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
വധശ്രമക്കേസ് പ്രതിയെ വീട്ടിൽ ഒളിച്ചുതാമസിപ്പിച്ചതിന് യുവമോർച്ച നേതാവ് സ്മിൻതേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റുചെയ്ത രണ്ടുപേരെയും തലശ്ശേരി കോടതിയിൽ ഹാജരാക്കി. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

