പാൽചുരം പാതയിൽ മണ്ണിടിച്ചിൽ പതിവാകുന്നു; കൂറ്റൻ പാറക്കൂട്ടങ്ങൾ പാതയിലെ ഭീഷണിയാകുന്നു
text_fieldsപാൽചുരം പാതയിലെ മണ്ണിടിഞ്ഞ നിലയിൽ
കൊട്ടിയൂർ: ബോയ്സ് ടൗൺ – പാൽചുരം റോഡിലൂടെയുള്ള യാത്ര ദിനംപ്രതി വലിയ അപകടഭീതി ഉയർത്തുകയാണ്. മഴക്കാലം ശക്തമായതോടെ ചുരത്തിൽ കനത്ത മണ്ണിടിച്ചിലും കൂറ്റൻ പാറക്കൂട്ടങ്ങൾ താഴേക്ക് പതിക്കാനുള്ള സാധ്യതയും വർധിച്ചതാണ് യാത്രികരുടെയും വാഹനഡ്രൈവർമാരുടെയും നെഞ്ചിടിപ്പ് ഏറ്റുന്നത്. തുടർച്ചയായ മഴയിൽ ബോയ്സ് ടൗൺ റോഡിലെ നിരവധി ഇടങ്ങളിൽ ചെറുതും വലുതുമായ രീതിയിൽ മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞുവീഴുന്നത് പതിവായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വൻ മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയൊരു ദുരന്തം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ ഒലിച്ചെത്തിയ കല്ലും മണ്ണും കണ്ട് ഡ്രൈവർമാർ കൃത്യസമയത്ത് വാഹനം വെട്ടിച്ചു മാറ്റിയതുകൊണ്ടാണ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ ഇതേ ഭാഗത്തുതന്നെ ഇനിയും വലിയ രീതിയിൽ മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നത് യാത്രികരെ ഭീതിയിലാഴ്ത്തുന്നു.
കുത്തനെയുള്ള ഇറക്കങ്ങളിലും അപകടകരമായ വളവുകളിലും നിൽക്കുന്ന കൂറ്റൻ പാറക്കൂട്ടങ്ങളാണ് ചുരം പാതയിലെ നിലവിലെ പ്രധാന ഭീഷണി. തുടർച്ചയായി പെയ്യുന്ന മഴവെള്ളപ്പാച്ചിലിൽ പാറകൾക്ക് ചുറ്റുമുള്ള ഉറപ്പുള്ള മണ്ണും കല്ലുകളും ഒലിച്ചുപോയതോടെ ഈ വലിയ പാറകൾ ഏതുനിമിഷവും റോഡിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ഇതിനുപുറമേ, ഉച്ചസമയത്തും പകൽവെളിച്ചത്തിലും പോലും ചുരത്തിൽ അനുഭവപ്പെടുന്ന കനത്ത കോടമഞ്ഞ് ഡ്രൈവർമാരുടെ കാഴ്ച പൂർണമായും മറക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ അവസാന നിമിഷം മാത്രം കണ്ണിൽപ്പെടുന്നുള്ളൂ. ഇത് പലപ്പോഴും കൂട്ടിയിടികൾക്ക് കാരണമാകുന്നുണ്ട്.
നിരവധി കെ.എസ്.ആർ.ടി.സി. ബസുകളും ഭാരമേറിയ ചരക്കുവാഹനങ്ങളും അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കണ്ണൂർ-വയനാട് അതിർത്തി പങ്കിടുന്ന ഈ പാതയെ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

