പാലത്തായി പീഡനം: പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ ബി.ജെ.പി നേതാവ് കോടതിയിൽ
text_fieldsകണ്ണൂർ: പാലത്തായി പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പോക്സോ കോടതിയിൽ പ്രതിയുടെ ഹരജി. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ടുകുനിയിൽ പത്മരാജനാണ് പുനരേന്വഷണം ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി പുതിയ ആവശ്യം ഉന്നയിച്ചത്. പുനരന്വേഷണത്തെ എതിർത്ത്, പീഡനത്തിനിരയായ പെൺകുട്ടിയും മാതാവും കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രതിയുടെ നീക്കമെന്നാണ് മാതാവിെൻറ നിലപാട്. കേസ് ഡിസംബർ 21ന് കോടതി വീണ്ടും പരിഗണിക്കും.
ഡിവൈ.എസ്.പി രത്നകുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പാലത്തായി കേസ് അന്വേഷിച്ച് തലശ്ശേരി ജില്ല അഡീഷനൽ സെഷൻസ് കോടതി മുമ്പാകെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. വധശിക്ഷവരെ ലഭിച്ചേക്കാവുന്ന പോക്സോ വകുപ്പുകളാണ് ബി.ജെ.പി നേതാവിനെതിരെ ചുമത്തിയിട്ടുള്ളത്. 376 A, B വകുപ്പുകൾക്കു പുറമെ 376 -2 F തുടങ്ങിയ വകുപ്പുകളാണ് അതിൽ ചുമത്തിയിട്ടുള്ളത്. 376 A, B വകുപ്പിന് കുറഞ്ഞ ശിക്ഷ 20 വർഷം തടവാണ്. ശേഷിക്കുന്ന കാലം മുഴുവൻ തടവ് അല്ലെങ്കിൽ വധശിക്ഷ വരെ ലഭിച്ചേക്കാം. പാലത്തായി കേസിെൻറ തുടക്കത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതും പോക്സോ വകുപ്പുകൾ ഒഴിവാക്കിയതും ഏറെ വിവാദമായിരുന്നു. വലിയ പ്രക്ഷോഭത്തിനൊടുവിലാണ് ൈഹകോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം പൂർത്തിയാക്കിയത്.