രമേഷിന്റെ ജീവന് നാലുപേരില്‍ തുടിക്കും...
text_fieldsകണ്ണൂർ: കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ശ്രീനിലയം വീട്ടിൽ കെ.വി. രമേഷിന്റെ (56) ഏറ്റവും വലിയ ആഗ്രഹം, മരണത്തോടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണമെന്നതായിരുന്നു. കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ച രമേഷിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ബന്ധുക്കള്‍.
പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍ക്കായ രമേഷിന് എതാനും ദിവസം മുമ്പ് കുഴഞ്ഞുവീണ് തലക്ക് ക്ഷതമേറ്റിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാർ വിധിയെഴുതി. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം പോലെ ബന്ധുക്കള്‍ അവയവദാനത്തിനുള്ള ഒരുക്കം നടത്തിയത്. കേരളത്തിലുള്ള വ്യക്തിയുടെ അവയവങ്ങള്‍ കര്‍ണാടകയില്‍ ദാനം ചെയ്യാനുള്ള സമ്മതപത്രങ്ങള്‍ തയാറാക്കാന്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെ അവയവങ്ങള്‍ ദാനം ചെയ്തു.
രമേഷിന്റെ രണ്ട് കണ്ണുകളും ഒരു വൃക്കയും മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയിലും ഒരുവൃക്ക ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം വഹിച്ച എ.ജെ ആശുപത്രിക്കും കൈമാറി. കരള്‍ മംഗളൂരു വിമാനത്താവളം വഴി ബംഗളൂരുവിലേക്കാണ് കൊണ്ടുപോയത്. ഇതോടെ രമേഷിന്റെ ജീവന് നാലുപേരില്‍ തുടിക്കും. രമേഷിന്റെ മൃതദേഹം ശനിയാഴ്ച കണ്ണൂർ പി.ഡബ്ല്യു.ഡി ഓഫിസിൽ പൊതു ദർശനത്തിന് വെച്ചശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു. പിതാവ്: പരേതനായ ഉണ്ണികൃഷ്ണന് മാരാര്‍. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. ഭാര്യ: പ്രേമലത. മക്കള്‍: സിദ്ധാര്‍ഥ്, സൗരവ്. സഹോദരി: പൂര്‍ണിമ.