ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങൾ രാത്രിയിൽ പ്രവർത്തിപ്പിക്കരുതെന്ന് ഉത്തരവ്
text_fieldsകണ്ണൂർ: പലഹാര നിർമാണ യൂനിറ്റിൽ രാത്രി മിക്സി, ഗ്രൈൻഡർ മുതലായ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ. ഉത്തരവ് അവഗണിച്ച് രാത്രിയിൽ പ്രവർത്തിപ്പിച്ചാൽ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പിണറായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
തന്റെ വീടിന്റെ ഒന്നരമീറ്റർ മാറി പ്രവർത്തിക്കുന്ന പലഹാര നിർമാണ യൂനിറ്റ് കാരണം രാത്രിയിൽ ഉറക്കം നഷ്ടപ്പെടുകയാണെന്ന് ആരോപിച്ച് പിണറായി പടന്നക്കര സ്വദേശി എം. രാധ സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.
പിണറായി പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതി വാസ്തവമാണെന്ന് ചൂണ്ടിക്കാട്ടി. രണ്ടു മുറികളുള്ള കെട്ടിടത്തിൽ ഒരു മുറിയിലാണ് ഗ്രൈൻഡറും മിക്സിയും പ്രവർത്തിപ്പിക്കുന്നത്. രണ്ടാമത്തെ മുറി അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് ക്രമവത്കരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പലഹാര യൂനിറ്റ് രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് പ്രവർത്തിക്കുന്നതെന്ന് എതിർകക്ഷി കമീഷനെ അറിയിച്ചു. തന്റെയും തൊഴിലാളികളുടെയും ജീവനോപാധി തടയാനുള്ള ദുരുദ്ദേശ്യമാണ് പരാതിക്ക് പിന്നിലെന്ന് എതിർകക്ഷി അറിയിച്ചു. എന്നാൽ രാത്രി കാലങ്ങളിൽ ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങൾ ഉപയോഗിക്കില്ലെന്ന് എതിർകക്ഷി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

