Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചായക്കടയിലും ഓട്ടോസ്റ്റാൻഡിലും ഉൾപ്പെടെ മുഖ്യമന്ത്രി ചർച്ച മാത്രം...

text_fields
bookmark_border
ജില്ലയിൽ പ്രതിഷേധം വേണുഗോപാലിനെതിരെ
ചായക്കടയിലും ഓട്ടോസ്റ്റാൻഡിലും ഉൾപ്പെടെ മുഖ്യമന്ത്രി ചർച്ച മാത്രം...
cancel
camera_alt

നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യു.ഡി.എഫ് നേതാക്കളായ ശശി തരൂർ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ

ചിത്രം: പി.ബി. ബിജു

കണ്ണൂർ: വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ജയിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് ജില്ലയിൽ ചൂടേറിയ ചർച്ചക്ക് വഴിയൊരുക്കി. പ്രതിപക്ഷ ചർച്ച രാഷ്ട്രീയമെന്ന് പറഞ്ഞ് തള്ളാമെങ്കിലും യു.ഡി.എഫ് പ്രവർത്തകരും വ്യക്തമായി രാഷ്ട്രീയം പ്രകടിപ്പിക്കാത്തവരും ഉൾപ്പെടുന്നവർ നടത്തുന്ന കവല ചർച്ച തള്ളിക്കളയാവുന്നതല്ല. ഇത്തരം ചർച്ചകൾ ജില്ലയിൽ ഗ്രാമ നഗര ഭേദമന്യേ ചായക്കടകളിലും ഓട്ടോ സ്‌റ്റാൻഡിലും ഉൾപ്പെടെ ആളുകൾ കൂടുന്നിടങ്ങളിലെല്ലാം ദിവസങ്ങളായി സജീവമായിട്ടുണ്ട്. യു.ഡി.എഫിന് വോട്ടു ചെയ്തവരാണ് ഏറെയും ഉൾഗ്രാമങ്ങളിലടക്കം ഇത്തരം ചർച്ചയിൽ പങ്കെടുക്കുന്നത്. ഇത് മനസ്സിലാക്കിയ ഇടതുപക്ഷം ജാഗ്രതയോടെയാണ് വിഷയത്തിൽ ഇടപെടുന്നത്. അവർ നവമാധ്യമങ്ങളിലൂടെ ഇതിനുള്ള മറുപടി കൃത്യമായി നൽകുന്നുമുണ്ട്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ആവശ്യമുന്നയിക്കുന്നത് പരിഗണിച്ചാലും കെ.സി. വേണുഗോപാലിനെ പിന്തുണക്കരുതെന്ന ചർച്ചയാണ് പലയിടത്തും ഉയരുന്നത്. കഴിഞ്ഞ ദിവസം വരെയുണ്ടായ ഫ്ലക്സ് പ്രചാരണത്തിലും പരസ്യപ്രകടനങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ തന്നെ ഇക്കാര്യം തുറന്നുകാട്ടിയതാണ്.

തെരഞ്ഞെടുപ്പിന് മുന്നേ കണ്ണൂരിൽ മത്സരിക്കാൻ കെ. സുധാകരൻ എം.പി അണികളുടെ ആവശ്യപ്രകാരം താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഒരുവേള സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന ഘട്ടം എത്തിയപ്പോൾ ഒടുവിൽ കോൺഗ്രസ് നേതൃത്വം വഴങ്ങേണ്ടുന്ന സാഹചര്യവുമുണ്ടായി. എന്നാൽ കെ.സി. വേണുഗോപാൽ ഉൾപ്പെടുന്ന ഹൈകമാൻഡ് ഇടപെട്ട് എം.പിമാർ മത്സരിക്കേണ്ടെന്നും പത്ത് വർഷത്തിനുശേഷം കേരളം തിരികെ പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രഖ്യാപിക്കുകയായിരുന്നു. സുധാകരന്റെ അതൃപ്‌തി പരിഹരിക്കാൻ ഒടുവിൽ രാഹുൽ ഗാന്ധിയടക്കം ഇടപെടുകയായിരുന്നു. പിന്നീടാണ് കണ്ണൂരിൽ ടി.ഒ. മോഹനൻ സ്ഥാനാർഥിയായതും വിജയിച്ചതും. നേരത്തേ കെ.സി. വേണുഗോപാൽ അനുകൂലികൾ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നും ഇരിക്കൂറിൽ മത്സരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വേളയിലടക്കം അദ്ദേഹം ഇക്കാര്യം പലതവണ മാധ്യമങ്ങളോട് നിഷേധിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് വേണുഗോപാൽ മുഖ്യമന്ത്രി പദത്തിനായി പരസ്യമായി രംഗത്തിറങ്ങിയതെന്നതാണ് അണികളെ നിരാശരാക്കിയത്. മത്സരിക്കാത്ത ഒരു നേതാവ് ഇപ്പോൾ രംഗത്തുവന്നതാണ് മുസ്‍ലിം ലീഗുൾപ്പെടുന്ന യു.ഡി.എഫ് വോട്ടർമാർ നാടുനീളെ ചർച്ചചെയ്യുന്നത്. അവർക്ക് പരിമിതിയുണ്ടെങ്കിലും തുറന്നു പറയാൻ മടിക്കുന്നുമില്ല. മുഖ്യമന്ത്രി വിഷയത്തിൽ വേണുഗോപാലിനെതിരായ പ്രതിഷേധവും സതീശനെയും ചെന്നിത്തലയെയും പിന്തുണച്ചുള്ള പ്രതികരണവുമാണ് നിഷ്പക്ഷ വോട്ടർമാർ ഉന്നയിക്കുന്നത്. അത് ഇതുവരെയും യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കിയിട്ടില്ലെന്നതാണ് കവല ചർച്ചകളിൽനിന്ന് വ്യക്തമാവുന്നത്. പത്ത് വർഷത്തിനു ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്, മത്സരിക്കാത്ത ഒരു ഹൈകമാൻഡ് പ്രതിനിധി തടസ്സമായത് യു.ഡി.എഫ് വിജയത്തിന് തിളക്കം കുറച്ചതായാണ് അണികളുടെ ആക്ഷേപം. ഇരിക്കൂറിൽ വേണുഗോപാൽ മത്സരിച്ചാൽ തിരിച്ചടിയേകുമെന്ന് നിലവിലെ എം.എൽ.എ സജീവ് ജോസഫിന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി ബോർഡുകൾ സ്ഥാപിക്കുകയുംചെയ്തിട്ടുണ്ട്. സതീശനെ അനുകൂലിച്ച് ഇരിക്കൂർ മണ്ഡലത്തിലടക്കം പ്രകടനവും നടന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Only the Chief Minister's discussion, including at tea shops and auto stands...
Next Story