പണംറെഡി; ഓൺലൈനിൽ ഒന്ന് പറ്റിക്കൂ...
text_fieldsകണ്ണൂർ: വിദ്യാസമ്പന്നരും സർക്കാർ ജോലിക്കാരും ഉൾപ്പെടെ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണത്തിന് ഒട്ടും കുറവില്ല. ഫോണുകളിൽ എത്തുന്ന സന്ദേശങ്ങൾ വ്യാജനാണെന്ന് തിരിച്ചറിയാതെ എടുത്തുചാടുന്നവരാണ് ഏറെയും കെണിയിലകപ്പെടുന്നത്. ഓൺലൈൻ കച്ചവടം, ജോലി, കഥ വായന, വസ്ത്രം ഓർഡർ, സമ്മാനം തുടങ്ങി പലപേരുകളിൽ ലക്ഷങ്ങളിൽ തുടങ്ങി കോടികൾ വരെയാണ് തട്ടുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ അഞ്ചുകോടി രൂപയോളമാണ് ജില്ലയിൽ നഷ്ടമായത്. പറ്റിക്കപ്പെടാൻ കാത്തുനിൽക്കുന്നവരുടെ നിര നീളുകയാണ്. കേന്ദ്ര മന്ത്രിയുടെ വിഡിയോ വരെ അയച്ചും തട്ടിപ്പുനടത്തിയിട്ടുണ്ട്. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് നഷ്ടമായ 4.43 കോടിയാണ് നിലവിലെ വലിയ തട്ടിപ്പ്. ഉയർന്ന പദവികളിലുള്ളവരാണ് പറ്റിക്കപ്പെടുന്നവയിൽ ഏറെയുമെന്നാണ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽനിന്ന് വ്യക്തമാവുന്നത്.
നാണക്കേട് കാരണം പരാതി നൽകാത്തവരും ഏറെയുണ്ടെന്നാണ് വിവരം. ഓൺലൈൻ തട്ടിപ്പിനെതിരെ ഫോൺ ശബ്ദ സന്ദേശവും വാർത്തകളും പൊലീസിന്റെ മുന്നറിയിപ്പുമെല്ലാം ഉണ്ടായിട്ടും തട്ടിപ്പിന് തലവെച്ചുകൊടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അശ്രദ്ധയിൽ അക്കൗണ്ട് കാലി...
ഓൺലൈൻ കച്ചവടത്തിന്റെ മറവിൽ സിറ്റി സ്വദേശിക്ക് 3.71 ലക്ഷം രൂപയും മട്ടന്നൂരിലെ യുവതിക്ക് 1.04 ലക്ഷം രൂപയുമാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതി ചെയ്യുകയായിരുന്നു. പരസ്യം കണ്ട് പാര്‍ട്ട് ടൈം ജോലി (റിവ്യു) ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ ടാസ്കുകൾക്ക് വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ കതിരൂർ സ്വദേശിനിക്ക് 3.56 ലക്ഷം രൂപയാണ് നഷ്ടമായത്.
ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് പാര്‍ട്ട് ടൈം ജോലിക്ക് പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ കതിരൂർ സ്വദേശിനിക്ക് 61,200 രൂപ നഷ്ടപ്പെട്ടു. വെബ്സൈറ്റ് വഴി വസ്ത്രം ഓർഡർ ചെയ്ത ധർമടം സ്വദേശിക്ക് 3,200 രൂപയും നഷ്ടപ്പെട്ടു. പരാതികളിൽ കണ്ണൂർ സൈബർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

