തട്ടിപ്പ് @ഓൺലൈൻ
text_fieldsകണ്ണൂർ: പാർട്ട് ടൈം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് മാസത്തിനിടെ ജില്ലയിൽ നഷ്ടമായത് മൂന്നുകോടി രൂപ. സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, വിദ്യാർഥികൾ, വീട്ടമ്മമാർ എന്നിവരാണ് തട്ടിപ്പിനിരയായത്. ദിനേന നിരവധി പരാതികളാണ് ലഭിക്കുന്നത്. ഭൂരിഭാഗവും പാർട്ട് ടൈം ജോലി തട്ടിപ്പ് പോലെയുള്ള ഓൺലൈൻ തട്ടിപ്പുകളാണ്.
ആസൂത്രിതമായി നടക്കുന്ന തട്ടിപ്പിന് പിന്നിൽ പ്രത്യേക പരിശീലനം ലഭിച്ച വിവരസാങ്കേതിക വിദ്യാ വിദഗ്ധരായ ഒരു സംഘമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഓൺലൈൻ തട്ടിപ്പിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ 59 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. 35 ലക്ഷവും 25 ലക്ഷവുമെല്ലാം നഷ്ടമായവർ നിരവധിയാണ്. സ്റ്റേറ്റ് ബാങ്കിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ ഗൂഗ്ളിൽ ബാങ്ക് സൈറ്റ് എടുത്തപ്പോൾ ലഭിച്ച വ്യാജ സൈറ്റിൽ കയറിയപ്പോൾ നഷ്ടമായത് ഒന്നര ലക്ഷം.
ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതോടെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. സർവിസ് നമ്പർ സംബന്ധമായ കാര്യങ്ങളിൽ ഗൂഗ്ൾ സെർച്ചിനെ ആശ്രയിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് പൊലീസ് നിർദേശം. ഗൂഗ്ളിൽ ഫോൺ നമ്പർ തിരയുമ്പോൾ ആദ്യം ലഭിക്കുന്ന നമ്പർ ഔദ്യോഗികമായതാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും തട്ടിപ്പിന് ഇരയാവുകയും ചെയ്യും.
ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ ടോക്കൻ എടുക്കാനായി ഗൂഗ്ളിൽ പരതിയപ്പോൾ ലഭിച്ച ഫോൺ നമ്പറിൽ വിളിച്ച യുവതിക്ക് കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. കണ്ണൂർ ഏച്ചൂർ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മംഗളൂരുവിലെ ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിന് ബുക്ക് ചെയ്യുന്നതിനാണ് യുവതി നമ്പർ ഗൂഗ്ളിൽ പരതിയത്. ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുടെ വാട്സ്ആപിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഒരു ലിങ്ക് ലഭിച്ചു. വിവരങ്ങൾക്കാപ്പം ലിങ്ക് വഴി 10 രൂപ അടക്കാനും ആവശ്യപ്പെട്ടു.
നിർദേശിച്ചപോലെ യുവതി രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി. പത്തുരൂപ അടക്കാൻ ശ്രമിച്ചപ്പോഴേക്കും അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമാവുകയായിരുന്നു. മംഗളൂരുവിലെയും കൂത്തുപറമ്പിലെയും ആശുപത്രികളുടെ നമ്പർ ഗൂഗ്ളിൽ തിരഞ്ഞപ്പോൾ പണം നഷ്ടമായവരുമുണ്ട്.
ഇങ്ങനെ ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ ബാങ്ക് വിവരങ്ങളോ ലിങ്കിൽ കയറാനോ ആവശ്യപ്പെട്ടാൽ തട്ടിപ്പാണെന്ന് മനസ്സിലാക്കണമെന്ന് സൈബർ സെൽ ഇൻസ്പെക്ടർ കെ. സനൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സന്ദേശങ്ങളിൽ ആശങ്കപ്പെടരുതെന്നും വിവേകത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലിപ്കാർട്ട് പോലെയുള്ള സൈറ്റുകളിൽ വാങ്ങിയ സാധനങ്ങൾ മാറ്റിവാങ്ങുമ്പോഴും സമൂഹമാധ്യമങ്ങൾ വഴി ക്രയവിക്രയം നടത്തുമ്പോഴും തട്ടിപ്പിന് സാധ്യതയുണ്ട്. പ്രധാന സൈറ്റുകളൊന്നും ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടില്ല. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ട് ടൈം ജോലി ചെയ്യാൻ താൽപര്യമുണ്ടോ ?
നിങ്ങൾ വീട്ടിലിരുന്നുകൊണ്ട് പാർട്ട് ടൈം ജോലി ചെയ്യാൻ താൽപര്യമാണോ എന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ചെറിയ ടാസ്കുകൾ വെച്ചാണ് തുടക്കം. യൂട്യൂബ് ലിങ്കിൽ കയറി ലൈക്ക് ചെയ്യാനും വിഡിയോ റിവ്യൂ അയക്കാനും ആവശ്യപ്പെടും. നിർദോഷമായി തോന്നുന്ന ഇത്തരം ടാസ്കുകൾ ചെയ്തുകൊടുത്താൽ നാലായിരവും അയ്യായിരവും രൂപ വേതനമായി അക്കൗണ്ടിലേക്ക് എത്തും. ഒന്ന് രണ്ട് തവണ പണം ലഭിക്കുന്നതോടെ വിശ്വാസം പിടിച്ചുപറ്റും. നന്നായി ജോലി ചെയ്യുന്നതിനാൽ പ്രീമിയർ ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തിയെന്നും ടെലഗ്രാം ഗ്രൂപ്പിൽ ചേരാനായി ലിങ്ക് അയച്ചുതരും. ചതിയില്ലെന്ന ചിന്തയോടെ ലിങ്കിൽ കയറി ഗ്രൂപ്പിലെത്തും.
ഇതുപോലെ ജോലിചെയ്യുന്നവരെന്ന വ്യാജേന ചിലരും ഗ്രൂപ്പിലുണ്ടാവും. ചില ഗ്രൂപ്പുകളിൽ ഒരു ഗൈഡും കാണും. അംഗങ്ങൾ തമ്മിൽ പരസ്പരം ചാറ്റ് ചെയ്യാനും അവസരം. അടുത്തതായി ക്രിപ്റ്റോ കറൻസിയിലാണ് ബിസിനസ് നടത്തുകയെന്ന് നിർദേശം ലഭിക്കും. ഇതിനായി കുറച്ചു പണം നിക്ഷേപിക്കാനും ആവശ്യപ്പെടും. നമ്മൾ നൽകിയ പണത്തിന്റെ ഇരട്ടി അക്കൗണ്ടിലേക്ക് എത്തും. ഇതോടെ വിശ്വാസം വർധിക്കും. ഇതോടെ അടുത്ത ടാസ്കായി ഒരുലക്ഷം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഈ പണം ഇരട്ടി ആയതായി കാണിച്ച് ഒരു സ്ക്രീൻഷോട്ട് അയക്കുകയും അടുത്ത രണ്ട് ടാസ്കുകൾ കൂടി പൂർത്തിയാക്കണമെന്നും ആവശ്യപ്പെടും.
ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ അവർക്ക് പണം ലഭിച്ചതായി വിശ്വസിപ്പിക്കാൻ സ്ക്രീൻഷോട്ടുകൾ അയച്ച് ബിസിനസ് ചെയ്യാനും പണം നിക്ഷേപിക്കാനും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. പണം ലഭിക്കാതാവുന്നതോടെയാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലാവുക. അപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

