‘കോടികൾ നൽകാൻ തയാറാണ്, ദയവായി ഞങ്ങളെ ഒന്ന് പറ്റിക്കൂ’
text_fieldsകണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർക്ക് എടുത്താൽ തീരാത്ത പണിയാണ്. അധികസമയം തട്ടിപ്പുപണി നടത്തിയാലും പറ്റിക്കപ്പെടാൻ കാത്തുനിൽക്കുന്നവരുടെ നിര നീളുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ദിവസേന ജില്ലയിൽ നഷ്ടമാകുന്നത്. കഴിഞ്ഞദിവസം 4.53 കോടി രൂപയാണ് ജില്ലയിൽനിന്ന് തട്ടിയത്. ഇതിൽ മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് നഷ്ടമായത് 4.43 കോടിയാണ്. ഇത്രയേറെ തുക നഷ്ടമാകുന്നത് അസാധാരണമാണ്. വാട്സ്ആപ് സന്ദേശം കണ്ട് വ്യാജ ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കുകയും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം വാങ്ങിയെടുത്തതായും പരാതിയിൽ പറയുന്നു.
ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന ശബ്ദസന്ദേശവും വാർത്തകളും പൊലീസിന്റെ മുന്നറിയിപ്പുമെല്ലാം ഉണ്ടായിട്ടും തട്ടിപ്പിന് തലവെച്ചുകൊടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. സാധാരണക്കാരേക്കാൾ വിദ്യാസമ്പന്നരും സമൂഹത്തിൽ ഉയർന്ന പദവികളിലുള്ളവരുമാണ് വഞ്ചിക്കപ്പെടുന്നത്. ഒരു സംശയവും തോന്നാതെ ഓൺലൈനിൽ ഷെയർ ട്രേഡിങ് നടത്താനും പാർട്ട്ടൈം ജോലിക്കുമൊക്കെയായി ആളുകൾ കോടികൾ തട്ടിപ്പുകാർക്ക് കൈമാറുന്ന സ്ഥിതിയാണ്.
പാർട്ട്ടൈം ജോലിയായി ഹോട്ടൽ റിവ്യൂ ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ പിണറായി സ്വദേശിക്ക് 6.25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വാട്സ്ആപ്പിലെ സന്ദേശം കണ്ടതിനെ തുടർന്നാണ് പാർട്ട്ടൈം ജോലി തട്ടിപ്പുകാരുടെ വലയിൽ വീണത്. ടെലിഗ്രാം വഴി പാര്ട്ട്ടൈം ജോലി ചെയ്യുന്നതിനായി വിവിധ ടാസ്കുകൾക്കായി പണം നല്കിയ ചക്കരക്കൽ സ്വദേശിക്ക് 2.05 ലക്ഷം രൂപയും നഷ്ടമായി.
ഫേസ്ബുക്കിൽ പരസ്യം കണ്ട് സാധനം വാങ്ങാനായി പണം നൽകിയ പിണറായി സ്വദേശികളുടെ 95,000 രൂപ തട്ടിയെടുത്തു. ഓൺലൈൻ ലോൺ വാഗ്ദാനം ചെയ്ത് പിണറായി സ്വദേശിയിൽ നിന്നും 64,999 രൂപയാണ് തട്ടിയത്. ലോൺ ലഭിക്കാനുള്ള വിവിധ ചാർജുകൾ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഓൺലൈൻ പരസ്യം കണ്ട് കാമറ വാങ്ങാൻ വാട്സ്ആപ് വഴി ചാറ്റ് ചെയ്ത് 43,000 രൂപ കൈമാറിയ കതിരൂർ സ്വദേശിയും തട്ടിപ്പിനിരയായി.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു. 1930 എന്ന നമ്പറിലും www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും ഓൺലൈൻ തട്ടിപ്പിൽ പരാതിപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

