ഓൺലൈൻ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടും സിംകാർഡും വിൽപനക്ക്
text_fieldsകണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർക്ക് വേണ്ടി സിം കാർഡും അക്കൗണ്ടുകളും വിൽപനക്ക്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ തട്ടിപ്പുകാർക്ക് ഇത്തരത്തിൽ അക്കൗണ്ടും സിം കാർഡും വിൽപന നടത്തി ലക്ഷങ്ങൾ നേടിയതായി സൈബർ പൊലീസിന് വിവരം ലഭിച്ചു. ഇത്തരം തട്ടിപ്പിന് കൂട്ടു നിൽക്കുക വഴി നിശ്ചിത ശതമാനം തുക തുടക്കത്തിൽ നൽകും. പിന്നാലെ പണം അക്കൗണ്ടിൽ എത്തുന്ന മുറക്ക് കമീഷൻ തുകയും ലഭിക്കും.
സംസ്ഥാനത്തിനു പുറത്തുള്ള ലോബികളാണ് ഓൺലൈൻ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. എന്നാൽ, ഇവർ മലയാളികളെ വലയിൽ വീഴ്ത്താൻ മലയാളികളായ ആളുകളെത്തന്നെ കുട്ടുപിടിക്കുന്നുവെന്നാണ് കണ്ടെത്തൽ. നിശ്ചിത തുക വാഗ്ദാനം ചെയ്ത് അക്കൗണ്ടും സിം കാർഡും എടുപ്പിച്ച ശേഷം ആ അക്കൗണ്ടിലേക്കാണ് ആളുകളെ പറ്റിച്ച് പണം നിക്ഷേപിപ്പിക്കുന്നത്.
ഇതരസംസ്ഥാനക്കാരുടെ ഓൺലൈൻ തട്ടിപ്പിന്റെ ഏജന്റുമാരായി ഇവിടെ ചിലർ പ്രവർത്തിക്കുന്നുണ്ട്. തട്ടിപ്പിനിരയാവുന്നവരുടെ അവസ്ഥയേക്കാൾ, അക്കൗണ്ടും സിം കാർഡും നൽകുന്നവർ പൊലീസിന്റെ പിടിയിലാവുമെന്ന കാര്യം പലർക്കും അറിയില്ല. ഇത്തരത്തിൽ അക്കൗണ്ട് വിറ്റ നിരവധി പേർ സംസ്ഥാനത്താകെ സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണുള്ളത്.
തട്ടിപ്പുകാര്‍ കവര്‍ന്ന 25 ലക്ഷം ബാങ്ക് അക്കൗണ്ടില്‍; യുവാവിനെ ഗോവന്‍ പൊലീസ് പിടികൂടി
കണ്ണൂർ: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കവര്‍ന്ന 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ സഹായിച്ച പാപ്പിനിശ്ശേരിയിലെ യുവാവിനെ വളപട്ടണം പൊലീസിന്റെ സഹായത്തോടെ ഗോവന്‍ പൊലീസ് പിടികൂടി. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്കിലാട്ട് അമ്പലത്തിന് സമീപത്തെ താഷ്ക്കന്റ് ഹൗസില്‍ എം.കെ. ഗോകുല്‍ പ്രകാശിനെയാണ് (35) വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ് കസ്റ്റഡിയിലെടുത്ത് ഗോവന്‍ പൊലീസിന് കൈമാറിയത്.
ഗോവയില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കവര്‍ന്ന തുക തട്ടിപ്പുകാര്‍ ഗോകുലിന്റെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. ഗോകുലിന് ഇതിന് നല്ല തുക കമീഷനായി തട്ടിപ്പുകാര്‍ നല്കുന്നുണ്ടായിരുന്നു. തട്ടിപ്പിനിരയായ ആൾ ഗോവൻ പൊലീസിൽ പരാതി നൽകിയതോടെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് തട്ടിയെടുത്ത 25 ലക്ഷം രൂപ ഗോകുല്‍ പ്രകാശിന്റെ ബാങ്ക് അക്കൗണ്ടിലാണ് എത്തിയതെന്ന് കണ്ടെത്തിയത്.
തുടർന്നാണ് ഇയാളെ പ്രധാന പ്രതിയാക്കിയത്. വ്യാഴാഴ്ച രാത്രി പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ഇയാൾക്ക് മനസ്സിലായത്. യുവാവിനെ പൊലീസ് ഗോവയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

