കരയിപ്പിക്കാൻ ഉള്ളി
text_fieldsകണ്ണൂർ: കച്ചവടക്കാരുടെയും ജനങ്ങളുടെയും കണ്ണ് തള്ളിച്ച് ഉള്ളിവില കുതിക്കുന്നു. വെളുത്തുള്ളി കിലോക്ക് 300ഉം വലിയുള്ളി 50ഉം രൂപ കടന്നു. ഈ വർഷം ഇടക്കിടെ 400 കടന്ന വെളുത്തുള്ളി വിലയിൽ റെക്കോർഡ് തിരുത്താനുള്ള പോക്കാണെന്നാണ് വ്യാപാരികൾ പറയുന്നത്. മഹാരാഷ്ട്രയിൽനിന്നാണ് കേരളത്തിലേക്ക് വെളുത്തുള്ളി കൂടുതലായി എത്തുന്നത്.
ഈ സീസണിലെ പുതിയ വെളുത്തുള്ളി വന്നുതുടങ്ങിയിട്ടില്ലാത്തതാണ് വില വർധിക്കാൻ കാരണം. പച്ചക്കറി വിപണിയിൽ പയറിനും ബീൻസിനും തക്കാളിക്കും വില കുറഞ്ഞപ്പോൾ കാരറ്റും ബീറ്റ്റൂട്ടും വിലയിൽ താഴോട്ടില്ല. കാരറ്റിന് 100 വരെയാണ് വില. ഊട്ടി കാരറ്റാണെങ്കിൽ 60ന് ലഭിക്കും. കിലോക്ക് 80 കടന്ന നേന്ത്രപ്പഴം അൽപമൊന്ന് താഴ്ന്നിട്ടുണ്ട്. 60 രൂപയാണ് ചൊവ്വാഴ്ചത്തെ വില. അടക്കാപ്പൂവന് വില കുതിക്കുകയാണ്. 85 രൂപയാണ് നിലവിലെ വില. പ്രളയത്തെ തുടർന്ന് നാട്ടിലെ കൃഷിക്കുണ്ടായ തിരിച്ചടിയാണ് വില കൂടാൻ കാരണമായത്. ഓണം എത്തുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത. പുതിയ വെളുത്തുള്ളിയുടെ വിളവെടുപ്പ് നടത്തി കമ്പോളത്തിൽ ഇറങ്ങുന്നതോടെ വിലകുറയുമെന്നാണ് പ്രതീക്ഷ. അതേസമയം പെട്ടെന്ന് വിലവർധിപ്പിച്ച് പതിയെ കുറച്ച് വിപണിയിൽ ഇളക്കമുണ്ടാക്കാനുള്ള മൊത്തവ്യാപാരികളുടെ തന്ത്രമാണ് വിലക്കയറ്റത്തിന് പിറകിലെന്നും ആരോപണമുണ്ട്. മുമ്പ് വിലവർധനവുണ്ടായിരുന്ന പയറിനും ബീൻസിനും വില കുറഞ്ഞു. കിലോക്ക് 40 രൂപയാണ് വില. ഓണവിപണിയിൽ വിലക്കയറ്റമുണ്ടാകാതിരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

