പയ്യാമ്പലത്ത് തിരയിൽപ്പെട്ട് ഒരാളെ കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി
text_fieldsകണ്ണൂർ പയ്യാമ്പലത്ത് കടലിൽ കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ നടത്തുന്നു
കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഒരാളെ തിരയില്‍പ്പെട്ട് കാണാതായി. രണ്ട് കർണാടക സ്വദേശികളെ ലൈഫ് ഗാര്‍ഡുമാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു വന്ന സംഘങ്ങളിലുള്ളവരാണ് രണ്ട് സമയങ്ങളിലായി തിരയില്‍പ്പെട്ടത്. ബംഗളൂരു റൂറൽ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറി (20)നെയാണ് കടലില്‍ കാണാതായത്. സന്തോഷിനൊപ്പം തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ് ചികിത്സയിലാണ്. രാവിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം മൈസൂരുവില്‍ നിന്നുള്ള എട്ടംഗസംഘത്തിലെ ചിരന്ത്ശർമ(24) തിരയില്‍പ്പെട്ടിരുന്നു. ലൈഫ് ഗാര്‍ഡുമാരാണ് ചിരന്ത് ശര്‍മയെ രക്ഷപ്പെടുത്തിയത്.
അഴീക്കൽ തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, ലൈഫ് ഗാർഡുകൾ എന്നിവർ മൂന്ന് ബോട്ടുകളിലായി ഏറെ വൈകിയും സന്തോഷ് കുമാറിനായി തെരച്ചിൽ തുടരുകയാണ്. ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിട്ടുണ്ട്. വേലിയേറ്റ സമയമായതിനാല്‍ ശനിയാഴ്ച രാവിലെ മുതല്‍ കടല്‍ പ്രക്ഷുബ്ദമായിരുന്നു. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയതിന് ശേഷം കര്‍ണാടക സ്വദേശികള്‍ ധാരാളം പയ്യാമ്പലത്ത് എത്തുന്നുണ്ടായിരുന്നു. ലൈഫ് ഗാര്‍ഡുമാര്‍ അപായസൂചന നല്കിയാലും മുന്നറിയിപ്പുകള്‍ അവഗണിച്ച് വിനോദസഞ്ചാരികള്‍ കടലിലേക്ക് ഇറങ്ങുന്നത് പതിവായിരുന്നു. ജില്ല കലക്ടര്‍ പി. വിഷ്ണുരാജാണ് തെരച്ചിലിന് മേൽനോട്ടം വഹിക്കുന്നത്. വിവരംമറിഞ്ഞ് ടൂറിസം മന്ത്രി പി സി . വിഷ്ണുനാഥ്, ടി ഒ മോഹനൻ എം.എൽ.എ, മേയര്‍ പി. ഇന്ദിര എന്നിവരും പയ്യാമ്പലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

