ഒന്നിന് മേയർ പടിയിറങ്ങും പിടിതരാതെ ലീഗ്
text_fieldsകണ്ണൂർ: പുതുവർഷ ദിനത്തിൽ മേയർ ടി.ഒ. മോഹനൻ രാജിവെക്കും. ജനുവരി ഒന്നിന് രാവിലെ നടക്കുന്ന കൗൺസിൽ യോഗവും അതിനുശേഷം മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ വിതരണവുമുണ്ട്. ഇതിനു ശേഷമായിരിക്കും കണ്ണൂരിന്റെ വികസന നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച മേയർ ടി.ഒ. മോഹനൻ നിറഞ്ഞ മനസ്സോടെ രാജി സമർപ്പിക്കുക. കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം പങ്കു വെക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-മുസ് ലിം ലീഗ് തമ്മിൽ നേരത്തെ ധാരണായായിരുന്നു.
എന്നാൽ പുതിയ മേയറെ സംബന്ധിച്ച് മുസ് ലിം ലീഗ് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആരായിരിക്കും മേയർ എന്ന ചോദ്യത്തിന് ലീഗിന്റെ 14 കൗണ്‍സിലര്‍മാരും മേയറാകാന്‍ യോഗ്യരാണ്. മേയറുടെ രാജിക്ക് ശേഷം മുസ് ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ മേയറെ തിരഞ്ഞെടുക്കുമെന്നായിരുന്നു ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരിയുടെ മറുപടി.
പുതിയ മേയറുടെ തെരഞ്ഞെടുപ്പിന് ശേഷം ഡെപ്യൂട്ടി മേയര്‍ മുന്‍ധാരണ പ്രകാരം രാജിവെക്കുമെന്നും കരീം ചേലേരി പറഞ്ഞു. മുസ്ലിം ലീഗ് കോർപറേഷൻ കൗൺസിൽ പാർട്ടി ലീഡർ മുസ്ലിഹ് മഠത്തിലിനെ മേയറാക്കുമെന്നായിരുന്നു നേരത്തെ ധാരണയാക്കിയിരുന്നതെങ്കിലും വനിത മേയറെ കൊണ്ടുവരാനുള്ള ആലോചനയും ലീഗിൽ നടക്കുന്നുണ്ട്. അതിലൂടെ സംവരണമില്ലാത്തിടത്ത് വനിതയെ മേയറാക്കി പുതിയ മാതൃക സൃഷ്ടിക്കാനും ലീഗ് കണക്കുകൂട്ടുന്നുണ്ട്.
അങ്ങനെയെങ്കിൽ കസാനക്കോട്ടയിലെ കൗൺസിലർ ഷമീമ ടീച്ചർ മേയറാകും. നേരത്തെ ഡെപ്യൂട്ടി മേയറായി ഷമീമ ടീച്ചറിനെ പരിഗണിക്കാത്തതിനെ തുടർന്ന് ലീഗ് പ്രവർത്തകർ മുസ് ലിം ലീഗ് ജില്ല നേതാക്കളെയടക്കം തടയുന്ന സാഹചര്യമുണ്ടായിരുന്നു.
ഇതു ലീഗിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെ രണ്ടര വർഷം വീതം കോൺഗ്രസും-മുസ് ലിം ലീഗും മേയർ സ്ഥാനം പങ്കിടാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇരുവിഭാഗങ്ങളും വാദമുഖങ്ങൾ ഉയർത്തിയതോടെ നടപ്പായിരുന്നില്ല.
തുടർന്ന് മുസ് ലിം ലീഗ് നിലപാട് കടുപ്പിച്ചതോടെയാണ് മേയർ സ്ഥാനം മാറുന്നതിൽ ധാരണയിലെത്തിയത്. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽറഹ്മാൻ കല്ലായി, ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരി, കണ്ണൂർ മണ്ഡലം നേതാക്കൾ വി.ഡി. സതീശനടക്കമുള്ള കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി നിരന്തരം നടത്തിയ ചർച്ചക്കൊടുവിലാണ് മേയർ സ്ഥാനം പങ്കു വെക്കുന്നതിൽ ധാരണയായത്. മേയർ സ്ഥാനം വെച്ച് മാറുന്നതോടെ ഡെപ്യൂട്ടി മേയർ കെ. ഷബീന രാജിവെച്ച് സ്ഥാനം കോൺഗ്രസിന് കൈമാറും. 55 ഡിവിഷനുള്ള കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫിന് 35 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 21ഉം ലീഗിന് 14ഉം അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

