ഒളവിലം-കവിയൂർ ബണ്ട് റോഡ് പാർക്കിന് ജീവൻ വെക്കുന്നു
text_fieldsഒളവിലം - കവിയൂർ ബണ്ട് റോഡ് പാർക്കിലെ കിയോസ്ക്
ചൊക്ലി: കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന ഒളവിലം-കവിയൂർ ബണ്ട് റോഡ് പാർക്കിന് ജീവൻ വെക്കുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ടെൻഡർ വിളിച്ചതോടെ ബണ്ട് റോഡ് പാർക്കിലെ കിയോസ്കുകൾ കഫ്റ്റീരിയകൾ എന്നിവ ഏപ്രിൽ 10ന് മുമ്പായി പ്രവർത്തനമാരംഭിക്കും. തലശ്ശേരി-മാഹി ബൈപാസ്, മയ്യഴി പുഴയോരത്തെ ബോട്ട് ജെട്ടികൾ, പാത്തിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് എന്നിവ ഉൾപ്പെടെയുള്ളതിനാൽ ബണ്ട് റോഡ് പാർക്കും സജീവമായാൽ വിനോദ സഞ്ചാരത്തിന് ഗുണകരമാകും.
വിനോദ സഞ്ചാര വകുപ്പ് ഒരു കോടി രൂപ മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഈ പാർക്ക് ഏറെക്കാലമായി കാടുപിടിച്ച് അനാഥമായി കിടക്കുകയായിരുന്നു. സഞ്ചാരികൾക്കുള്ള ഇരിപ്പിടവും ഷെൽട്ടറും മൂന്ന് കഫ്റ്റീരിയയും ഉൾപ്പെടുന്നതാണ് മിനി പാർക്ക്. ഈ പാർക്ക് ഒരു വർഷം ടെൻഡർ വിളിച്ചെടുത്ത് നടത്തിയിരുന്നെങ്കിലും നഷ്ടത്തെ തുടർന്ന് നടത്തിപ്പ് ഉപേക്ഷിക്കുകയായിരുന്നു. പാത്തിക്കലിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പൂർത്തിയാവുന്നതോടെ ഈ മേഖലയിൽ ഉപ്പുവെള്ളം കയറുന്നത് തടയാനാവും. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി വാഹനങ്ങളിലും മറ്റുമായി നിരവധി പേർ ഇവിടെയെത്തുന്നുണ്ട്.
വ്യത്യസ്ത തരം കണ്ടൽ കാടുകളും വിവിധ തരം പക്ഷികളുടെ ആവാസകേന്ദ്രവുമാണ് ഈ പാർക്ക് പരിസരം. വിനോദ സഞ്ചാര വകുപ്പ് സോളാർ പാനൽ ഉപയോഗിച്ച് ഇവിടെ ദീപ വിതാനം നടത്തുകയും ചെയ്തിരുന്നു. കിയോസ്കുകളിൽ വൈദ്യുതിയില്ലാത്തതും മൂന്ന് കഫ്റ്റീരിയകൾ ലാഭകരമല്ലാത്തതിനാലും ഇവ ചുരുങ്ങിയ മാസം കൊണ്ട് പൂട്ടി. 1,75,189 രൂപ ചെലവഴിച്ച് ടൂറിസം പ്രമോഷൻ കൗൺസിൽ ഇവിടെ വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

