വൃദ്ധസദനം അടച്ചുപൂട്ടില്ല; നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്
text_fieldsഅഴീക്കോട്: സാമൂഹിക നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ അഴീക്കോട് ചാലിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനം പൂട്ടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ.
ഒരു വർഷമായി ജീവനക്കാർക്ക് വേതനം നൽകാത്തതിനെ തുടർന്ന് എഴുപതോളം അഗതികൾക്ക് ആശ്രയമായ കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. ഇതു സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വിഷയത്തിൽ കെ.വി. സുമേഷ് എം.എല്‍.എ ഇടപെട്ട് സമര്‍പ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ആർ. ബിന്ദു വൃദ്ധ സദനം പൂട്ടില്ലെന്ന് ഉറപ്പുനൽകിയത്.
സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധമന്ദിരങ്ങളുടെഅടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും അന്തേവാസികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുകയും ചെയ്ത് സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് രണ്ടാം വട്ട പദ്ധതി പ്രകാരം ലഭ്യമായ അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന് നിലവിൽ ചില തടസ്സങ്ങളുണ്ട്. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറക്ക് സ്ഥാപനത്തിൽ അധിക ജീവനക്കാർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ശമ്പളം മുടങ്ങിയ ജീവനക്കാരുടെ ശമ്പളം ഉടന്‍ നല്‍കുമെന്നും ഉറപ്പായി.
2019 ഡിസംബർ മുതൽ 2020 ഡിസംബർ വരെയുള്ള രണ്ടാം വർഷത്തെ പ്രവർത്തനങ്ങൾ നടത്തുന്നതിന് 38.75 ലക്ഷം ചെലവഴിക്കുന്നതിനു ഭരണാനുമതി അനുവദിച്ചത് പ്രകാരം ആദ്യ ഗഡുവായി 22.34 ലക്ഷം ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന് അനുവദിച്ചിരുന്നു.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ സ്ഥാപനത്തിലെ ഭൗതിക സാഹചര്യങ്ങളും അന്തേവാസികളുടെ ജീവിതനിലവാരവും വളരെയധികം മെച്ചപ്പെടുകയുണ്ടായി. പ്രകടമായ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കൊല്ലം ജില്ലകളിൽ കൂടി പദ്ധതി നടപ്പാക്കുകയും വിജയകരമായി പോവുകയാണെന്നും മന്ത്രി മറുപടി നൽകി.
അഴീക്കോട് വൃദ്ധസദനത്തിന്റെ ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ രണ്ടാം വട്ട കരാർ കാലാവധി 2022 ഏപ്രിൽ 30ന് അവസാനിച്ചു. പദ്ധതിക്കായി ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് താൽക്കാലികമായി നിയമിച്ചിരുന്ന ജീവനക്കാരുടെ സേവന പരിചയം കണക്കിലെടുത്ത് അവരെ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ എടുക്കുകയും പദ്ധതി മുടങ്ങിപ്പോകാതിരിക്കാൻ നാലാം വർഷം മുതൽ വകുപ്പ് നേരിട്ട് നടത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതു പ്രകാരം നാലാം വർഷം വകുപ്പു നേരിട്ട് പദ്ധതി നടപ്പാക്കുന്നതിനായി വർക്കിങ് ഗ്രൂപ്പിൽ 2022 ജൂണിൽ പ്രപ്പോസൽ സമർപ്പിക്കുകയും ധനകാര്യവകുപ്പിന്റെ പരിശോധനക്കായി അയക്കുകയും ചെയ്തു.
ധനകാര്യ വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടും മൂന്നും വർഷങ്ങളിലെ വിശദാംശങ്ങൾ സംബന്ധിച്ച രേഖകൾ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് അധികൃതരിൽ നിന്ന് ലഭ്യമാക്കി 2023 ഫെബ്രുവരി 15ന് സമർപ്പിച്ചു. ഇത് ധനകാര്യ വകുപ്പ് പരിശോധിച്ചു വരുകയാണ്.
എന്നാൽ 2022 സാമ്പത്തിക വർഷത്തിലെ ശമ്പളം അനുവദിക്കുന്നതിലെ കാലതാമസം കാരണം ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകാൻ കഴിഞ്ഞിരുന്നില്ല. പദ്ധതിക്കായി നിയമിച്ച ജീവനക്കാരിൽ അഞ്ചുപേർ രാജിവെച്ചെന്നും മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറക്ക് സ്ഥാപനത്തിൽ അധിക ജീവനക്കാർ ഉൾപ്പടെയുള്ളവരുടെ വേതനം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതോടെ അഴീക്കോട് വൃദ്ധ സദനം അടച്ചുപുട്ടല്‍ ഭീഷണിയില്‍ നിന്ന്രക്ഷപ്പെടുമെന്ന് ഉറപ്പായി. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമവും സംരക്ഷണവും ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെ 1995ലാണ് സർക്കാർ വൃദ്ധസദനം തുടങ്ങിയത്. സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന വാർത്ത പുറത്തുവന്നതോടെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

