ഇനിയും അഴിച്ചുമാറ്റാതെ; ലോകകപ്പ് ആവേശ ബോർഡുകൾ
text_fieldsകാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ച മറയ്കുന്ന തരത്തില്‍ സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും ബാനറുകളും രണ്ടു ദിവസത്തിനകം നീക്കിയില്ലെങ്കില്‍ നടപടി
കണ്ണൂർ: ലോകകപ്പ് ഫുട്ബാൾ ആവേശം കെട്ടടങ്ങി ഒമ്പതുമാസം പിന്നിട്ടിട്ടും തെരുവോരങ്ങളിൽ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ അഴിച്ചുമാറ്റിയില്ലെന്ന് പൊലീസ്. രണ്ടു ദിവസംകൂടി കാത്തിരിക്കുമെന്നും ബോർഡുകൾ നീക്കിയില്ലെങ്കിൽ സ്ഥാപിച്ചവർക്കെതിരെ നടപടിയുണ്ടാവുമെന്നും ഇതുസംബന്ധിച്ച ജില്ലതല മോണിറ്ററിങ് സമിതി യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ലോകകപ്പ് ബോർഡുകൾ മാത്രമല്ല, കാല്‍നട യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ച മറയ്കുന്ന തരത്തില്‍ റോഡരികിലും പരിസരങ്ങളിലും സ്ഥാപിച്ച മറ്റെല്ലാ ബോര്‍ഡുകളും ബാനറുകളും ഫ്ലക്സുകളും കൊടിതോരണങ്ങളും സ്വന്തം ഉത്തരവാദിത്വത്തില്‍ രണ്ടുദിവസത്തിനകം നീക്കംചെയ്യണമെന്നും യോഗം നിർദേശിച്ചു. റോഡിലേക്ക് തളളിനില്ക്കുന്നതും കാലപരിധി അവസാനിച്ചതുമായ ബോര്‍ഡുകൾ നീക്കം ചെയ്യണം.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതു സംബന്ധിച്ച് മോണിറ്ററിങ് സമിതി യോഗം ചേര്‍ന്ന് അനധികൃതമായി ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ലോകകപ്പ് ഫുട്ബാള്‍ മത്സരവുമായി ബന്ധപ്പെട്ട കൂറ്റന്‍ ഫ്ലക്സുകള്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴുമുണ്ട്. ഇതടക്കം ജില്ലയില്‍ സ്ഥാപിച്ച അനധികൃത ഫ്ലക്സുകളും ബോര്‍ഡുകളും സംബന്ധിച്ച ചിത്രങ്ങൾ സഹിതമാണ് പൊലീസ് പ്രതിനിധികൾ യോഗത്തിലെത്തിയത്.
ആരാധനാലയങ്ങളുടേയും ക്ലബുകളുടേയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരിപാടി നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പെ ബോര്‍ഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നിയന്ത്രിക്കും. പരിപാടികൾ നടന്ന് രണ്ടു ദിവസത്തിനകം ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെടുക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ച് എല്ലാ മാസവും പൊലീസ് സഹായത്തോടെ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ പൊലീസ് സൂപ്രണ്ട് പി.കെ. രാജു, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, സബ് ഇന്‍സ്പെക്ടര്‍ സി.വി. ഗോവിന്ദന് തുടങ്ങിയവർ സംബന്ധിച്ചു. കേരള ഹൈകോടതിയുടെ നിർദേശത്തെ തുടർന്നാണ് മോണിറ്ററിങ് സമിതി രൂപവത്കരിച്ചത്.