നേരമ്പോക്കല്ല നേരമ്പോക്കിലെ കുട്ടിപ്പീടിക
text_fieldsഇരിട്ടി: അവധിക്കാലം ടാബിലും ഗെയിമിലും തളച്ചിടാതെ പാതയോരത്ത് തണലോരം ചേർന്ന് കുട്ടിപ്പീടിക നടത്തി നാളേക്ക് മുതല്‍ കൂട്ടുകയാണ് നേരമ്പോക്ക് ഗ്രാമത്തിലെ ഒരുകൂട്ടം കുട്ടിക്കച്ചവടക്കാർ. ഇരിട്ടി എടക്കാനം റോഡിൽ നേരമ്പോക്ക് അരയാൽ തറക്കു സമീപം റോഡരികിലാണ് സ്കൂളുകള്‍ അടച്ച ഒഴിവിന് കുട്ടിപ്പീടികകള്‍ തുറന്ന് ഇവര്‍ അവധിക്കാലം ആഘോഷിക്കുന്നത്.
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പഠനോപകരണങ്ങള്‍ വാങ്ങാന്‍ പണം കണ്ടെത്തലാണ് ഇവരുടെ കച്ചവട ലക്ഷ്യം. വിദ്യാർഥികളായ ഇഷാൻ, ആദി ദേവ്, ആരോമൽ, സായ്കൃഷ്ണ എന്നിവരാണ് കുട്ടിക്കച്ചവടത്തിന് ചുക്കാൻ പിടിക്കുന്നത്.
കൂറ്റൻ മരത്തിന്റെ തണലോരം ചേർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ നെയ്ത്തോലകളും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ചും മരപ്പലക കൊണ്ട് തട്ടുകളുണ്ടാക്കിയുമാണ് കുട്ടിപ്പീടികകള്‍ നിർമിച്ചിരിക്കുന്നത്. മാങ്ങ, കാരറ്റ്, പൈനാപ്പിൾ, ബീറ്റ്റൂട്ട്, ചെറുനാരങ്ങ എന്നിവ ഉപ്പിലിട്ടതും മറ്റ് വിവിധതരം നാടൻ അച്ചാറുകളും മിഠായിയും തുടങ്ങി കളിയുപകരണങ്ങള്‍ വരെ ഈ കൊച്ചുകടകളില്‍ സുലഭം.
വിഷു നാളിൽ കൈനീട്ടം ലഭിച്ച നാണയത്തുട്ടുകളും മറ്റുമാണ് കച്ചവടത്തിന്റെ മൂലധനം. സമപ്രായക്കാരായ കുട്ടികള്‍ തന്നെയാണ് ഉപഭോക്താക്കളിലേറെയും എന്നതിനാല്‍ കച്ചവടത്തിന് വീറും വാശിയും കാണും. വെയിലും മഴയും കൊള്ളാതെ പഴശ്ശി ജലാശയങ്ങളിൽ ഉൾപ്പെടെയുള്ള അനാവശ്യ കളികളിലും ടാബിലും നേരം കൊല്ലുന്നതിനേക്കാള്‍ നല്ലതെന്ന നിലയില്‍ രക്ഷിതാക്കളും ഈ കുട്ടിക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

