ട്രോളിങ്; പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും പണിയില്ല
text_fieldsമത്സ്യം ലഭിക്കാത്തതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ കരയിൽ കെട്ടിയിട്ട നിലയിൽ
അഴീക്കോട്: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് ട്രോളിങ് ബാധകമല്ലെങ്കിലും മീനിന്റെ ലഭ്യതയിൽ വൻ കുറവ്. വൻ ഫിഷിങ് ബോട്ടുകൾ അടിത്തട്ടിലെ മീൻ അരിച്ച് പിടിക്കുമ്പോൾ ചെറു വള്ളങ്ങളുമായി മീൻ പിടിക്കാൻ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മതിയായ മീൻ ലഭിക്കുന്നില്ല.
യന്ത്രവത്കൃത ഫൈബർ ബോട്ടുകളിൽ ഇരുപത് മുതൽ മുപ്പതു വരെ മത്സ്യത്തൊഴിലാളികളുണ്ടാകും. അവരോടൊപ്പം രണ്ടു ചെറിയ തോണികളും കൊണ്ടുപോകും. കടലിൽനിന്ന് പിടിക്കുന്ന മീനുകൾ അപ്പോൾതന്നെ ഒപ്പം കൊണ്ടുവരുന്ന തോണിയിലേക്ക് മാറ്റും.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനം, ഭക്ഷണച്ചെലവ് അടക്കം ദിവസം 20,000 രൂപയോളം ചെലവ് വരും. 50,000 രൂപയുടെ മത്സ്യം കിട്ടിയിരുന്ന അവസ്ഥയിൽ ഇപ്പോൾ മത്സ്യം ലഭിക്കാത്തതിനാലാണ് ഇവർ കടലിൽ പോകാത്തത്. ഇതേത്തുടർന്ന് കടം വാങ്ങുന്ന പണം തിരിച്ചുകൊടുക്കലും ലോണെടുക്കുന്ന സംഖ്യയുടെയും തിരിച്ചടവും മുടങ്ങും. ഇതോടെ ജീവിതമാർഗം തേടാൻ മറ്റു വഴികൾ കണ്ടെത്തണം.
ഇത്തരം നഷ്ടങ്ങൾ പരിഹരിക്കാൻ ബദൽ സംവിധാനങ്ങളൊന്നും ഇപ്പോൾ ഇല്ല. ഇത്തരം സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണം. കടൽമാക്രി ശല്യവും രൂക്ഷമാണ്. ഇവ വല മുറിച്ചുകളയുന്നതുവഴി മത്സ്യം നഷ്ടമാവുകയും വല നശിച്ചുപോവുകയും ചെയ്യുന്ന സാഹചര്യവും ഉണ്ട്.
പലിശരഹിത വായ്പ പലിശ കൊടുക്കുന്നതിലും കൂടുതൽ
മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് പലിശരഹിത വായ്പ അനുവദിച്ചു വരുന്നുണ്ട്. എന്നാൽ, ഒരു ലക്ഷം രൂപയുടെ മത്സ്യം കിട്ടിക്കഴിഞ്ഞാൽ 2000 രൂപ കമീഷനായി ഫിഷറീസ് വകുപ്പിൽ അടക്കണം. ഇങ്ങനെ മത്സ്യം ലഭിക്കുന്ന തുകയുടെ രണ്ട് ശതമാനം കൊടുക്കണം. വർഷത്തിൽ 150 ദിവസത്തിൽ കൂടുതൽ മത്സ്യം ലഭിക്കില്ല. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് മത്സ്യം ലഭിക്കുക.
ഇത് കണക്കുകൂട്ടിയാൽ ബാങ്കിൽനിന്ന് കടമെടുത്താൽ കൊടുക്കേണ്ട പലിശയുടെ ഇരട്ടിയോളം വരും, പലിശരഹിത വായ്പ എന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ, ലോണെടുക്കാതെ പണം സ്വരൂപിക്കാൻ മറ്റ് മാർഗവും ഇല്ല.
ട്രോളിങ് നിരോധനം കഴിഞ്ഞാലും സർക്കാർ ഇടപെട്ട് അനധികൃതമായ മത്സ്യബന്ധനം തടയാൻ മുൻകൈയെടുത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

