വെള്ളമില്ല, വെളിച്ചമില്ല; "ലൈഫിലെ' വീട്ടിൽ ജീവിതം ദുരിതം
text_fieldsപയ്യന്നൂർ: ഗതാഗതയോഗ്യമായ റോഡില്ല, വെള്ളവും വെളിച്ചവുമില്ല, ലൈഫ് മിഷൻ മുഖേന വീടുലഭിച്ച കുടുംബങ്ങൾക്ക് ഇപ്പോഴും നയിക്കുന്നത് ദുരിതജീവിതം. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ചുടലപ്പാറയിൽ താമസിക്കുന്ന ആറ് കുടുംബങ്ങളാണ് വീടുകളിൽ അത്യാവശ്യ സൌകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്. കാങ്കോൽ വില്ലേജിൽപെടുന്ന ഇവിടെ ആറ് വീടുകൾ നിർമിക്കാനാണ് സഹായധനം ലഭിച്ചത്. ഇതിൽ മൂന്നു വീടുകളിലാണ് താമസം ആരംഭിച്ചത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷയിൽ വീടുപണി ആരംഭിച്ചെങ്കിലും ചിലതെല്ലാം ഇപ്പോഴും കിട്ടാക്കനിയാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതുവരെ അനുവദിച്ചില്ലെന്ന് കുടുംബങ്ങൾ പറയുന്നു. വീട് നിർമാണത്തിനാവശ്യമായ വെള്ളം പണം കൊടുത്താണ് വാങ്ങിയിരുന്നതെന്ന് ഇവർ പറയുന്നു.
150 മീറ്റർ ദൂരമുള്ള റോഡ് ഗതാഗത യോഗ്യമാക്കി വെള്ളവും വൈദ്യുതിയും ല്യമാക്കിയിരുന്നെങ്കിൽ മികച്ച രീതിയിൽ ഭവനനിർമാണം നടത്തുമായിരുന്നുവെന്നും ഇവർ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, എം.എൽ.എ, കലക്ടർ, പഞ്ചായത്ത് എന്നിവിടങ്ങളിലൊക്കെ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. താമസക്കാരായ രണ്ടു കുടുംബം ദലിതരാണ്. ചൂട് കൂടിയതോടെ വൈദ്യുതിയില്ലാത്ത വീടുകളിൽ താമസിക്കുന്നതും പ്രതിസന്ധിയാവുന്നുണ്ട്. അത്യാവശ്യമായി ആശുപത്രിയിൽ പോവേണ്ടി വന്നാൽപോലും ഇവിടേക്ക് വാഹനമെത്തുന്ന കാര്യം ഉറപ്പില്ല.
നിരവധി കുടുംബങ്ങൾക്ക് മുൻ സർക്കാറിന്റെ കാലത്ത് ഇവിടെ മിച്ചഭൂമി പതിച്ചു നൽകിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ പേർ താമസിക്കാനെത്തുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ പഞ്ചായത്ത് കിണർ നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സ്കൂൾ വിദ്യാർഥികളടക്കം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

