'നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചലഞ്ച്' കാമ്പയിനു തുടക്കം
text_fieldsകണ്ണൂർ: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ-ബോധവത്കരണ നടപടികളുടെ ഭാഗമായി നടത്തുന്ന നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചലഞ്ച് കാമ്പയിനുകള്‍ക്ക് തുടക്കമായി. കാമ്പയിൻ ലോഗോകള്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിന് കൈമാറി പ്രകാശനം ചെയ്തു.
കാമ്പയിന്‍ പ്രചാരണത്തിെൻറ ഭാഗമായി ജില്ലയിലെ എല്ലാ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും പൊതുവിടങ്ങളിലും സ്റ്റിക്കറുകളും പോസ്റ്ററുകളും പതിക്കും. എല്ലാ വീടുകളിലും കാമ്പയിന്‍ സന്ദേശമെത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതുവിടങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രഖ്യാപിക്കുന്നതാണ് നോ മാസ്‌ക് നോ എന്‍ട്രി കാമ്പയിന്‍. പൊതു ചടങ്ങുകള്‍ ഉള്‍പ്പെടെ ഒരു വ്യക്തി ഇടപെടുന്ന മുഴുവന്‍ ജീവിത സാഹചര്യങ്ങളിലും ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തുകയാണ് സീറോ കോണ്‍ടാക്ട് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായി നടന്ന ഡി.ഡി.എം.എ യോഗത്തില്‍ ജില്ല കലക്ടർ ടി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ അനു കുമാരി, ഡി.എം.ഒ ഡോ. കെ. നാരായണ നായിക്, അഡീഷനല്‍ എസ്.പി പ്രജീഷ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.