മട്ടയുംകൊണ്ട് നട്ടംതിരിഞ്ഞ് റേഷൻ കടകൾ
text_fieldsതലശ്ശേരി: റേഷൻ കടകളിൽ കുത്തരി (മട്ട) കെട്ടിക്കിടന്ന് നശിക്കുന്നു. ഗുണഭോക്താക്കൾ വാങ്ങാൻ തയാറാകാത്ത സാഹചര്യത്തിലാണ്കു ത്തരി റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത്.ഏറെ മുറവിളികൾക്കൊടുവിലാണ് ഭക്ഷ്യവകുപ്പ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായും കുറഞ്ഞ വിലക്കും അരി നൽകാൻ തയാറായത്.
സൂപ്പർഫൈൻ മട്ടയാണ് വ്യാപകമായി റേഷൻ കടകളിലെത്തിയത്. ഉപഭോക്താക്കൾ മുഖം തിരിച്ചതിനെത്തുടർന്ന് റേഷൻ കടകളിലെ അരി പലയിടത്തും ഉപയോഗശൂന്യമായി. തലശ്ശേരിക്കടുത്ത ഒരുറേഷൻ കടയിൽ ഇത്തരത്തിൽ നിരവധി ചാക്ക് അരി കെട്ടിക്കിടപ്പുണ്ട്.
മറ്റ് താലൂക്കിലെ റേഷൻ കടകളിലും സമാനമാണ് അവസ്ഥ. അനുവദിച്ച റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽനിന്നും ഏറ്റെടുക്കാതിരിക്കാൻ റേഷൻ വ്യാപാരികൾക്ക് നിർവാഹമില്ലാത്തതിനാൽ ആഴ്ചകൾ കഴിയുംതോറും വിറ്റഴിയാത്ത കുത്തരിയുടെ തോത് കടകളിൽ കൂടും. മട്ടയും കൊണ്ട് നട്ടം തിരിയുകയാണെന്ന് ഒരു റേഷൻകട ഉടമ പറഞ്ഞു.
തിരിച്ചെടുക്കൂ, മട്ട ഒഴിവാക്കിത്തരൂ .....എന്ന വിലാപം റേഷൻ കടക്കാരുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തവിട് കളയാത്ത കുത്തരി ഏറെ പോഷക സമൃദ്ധമാണ്. പഴമക്കാരായ ചിലർ ഇത് ചോദിച്ചുവാങ്ങാറുണ്ട്. എന്നാൽ, പുതുതലമുറക്ക് മട്ട അത്ര ഇഷ്ടപ്പെടുന്നില്ല. കുത്തരി ഉപയോഗിച്ച് വീട്ടിൽ ചോറ് വെച്ചാൽ കഴിക്കാൻ കുട്ടികൾ കൂട്ടാക്കുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരിഭവം. റേഷൻ കടകളിലെത്തിയാൽ മട്ട വേണ്ട പകരം പുഴുക്കലരി മതിയെന്നാണ് കാർഡുടമകളിൽ ഭൂരിഭാഗവും പറയുന്നതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
എന്നാൽ, ചുരുക്കം ചിലർ കുത്തരി ചോദിച്ച് വാങ്ങുന്നുണ്ടത്രെ. പൊതുവിപണിയിൽ 25 രൂപക്ക് വിൽക്കുന്ന മട്ടയരി റേഷൻ കടകളിൽ മുൻഗണന കുടുംബങ്ങൾക്ക് സൗജന്യമായും എ.പി.എൽ കാർഡുകാർക്ക് 10.90 രൂപ ഈടാക്കിയുമാണ് വിതരണം ചെയ്യുന്നത്. അന്നയോജന, അന്ത്യോദയ കാർഡുകാർക്ക് കൂടുതൽ സബ്സിഡി നിരക്കിലും കിട്ടും. റേഷൻ കടകൾ വഴി നൽകുന്ന മട്ടയരി ഗുണനിലവാരം കുറഞ്ഞതും കൃത്രിമ നിറം ചേർത്തതുമാണെന്ന തെറ്റായ പ്രചാരണവും വിൽപനക്ക് വിഘാതമായിട്ടുണ്ട്.