നിതിൻ രാജിന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് കോളജിലെത്തി മൊഴിയെടുത്തു
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോളജിലെത്തി 10 പേരുടെ മൊഴിയെടുത്തു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി . ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി കെ. സുധീറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ശിവൻ ചോടത്താണ് അഞ്ചരക്കണ്ടി കോളജിലെത്തി പ്രിൻസിപ്പലടക്കമുള്ള അധ്യാപകരിൽ നിന്നും നിതിന്റെ സഹപാഠികളിൽ നിന്നും വിശദമായി മൊഴിയെടുത്തത്.
ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിദ്യാർഥികൾ മൊഴിയായി നൽകിയിട്ടുണ്ട്. എന്നാൽ നിതിന്റെ മരണത്തിന് ദിവസങ്ങൾ മുമ്പ് മാത്രമാണ് റാമും നിതിനും നേരിട്ട് കണ്ടതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോളജിലെ സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്.
കോടതി നിർദേശമുളളതിനാൽ റാമിനെ ഇതുവരെ അന്വേഷണ സംഘം പിടികൂടിയിട്ടില്ല. നേരത്തെ പ്രതിയെ തേടി ആന്ധ്രയിലും മറ്റും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും അന്ന് കണ്ടെത്താനായിരുന്നില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതി എവിടെയുണ്ടെന്ന വിവരം ലഭിച്ചില്ല.
ഉപയോഗിച്ച ഫോണുകൾ പിന്നീട് പരിശോധിച്ചെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നു. അതിനിടെയാണ് ജൂൺ 12 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശമുണ്ടായത്.
വരും ദിവസങ്ങളിൽ പ്രതിക്കായുള്ള അന്വേഷണവും തുടങ്ങും. കഴിഞ്ഞയാഴ്ച അന്വേഷണ സംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി നിധിൻ രാജിന്റെ പിതാവ് രാജൻ, സഹോദരിമാർ, സഹോദരീ ഭർത്താവ്, പിതൃസഹോദരൻ തുടങ്ങി ആറ് പേരുടെ മൊഴിയെടുത്തിരുന്നു. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് മരിച്ചതെന്ന് എല്ലാവരും മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 10 നാണ് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ലോൺ ആപ്പ് സംബന്ധിച്ച കേസിൽ ഡിവൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

