പാതിവില തട്ടിപ്പ്; ഇരകൾ കലക്ടറെ കാണാനെത്തി
text_fieldsതട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർ പരാതി നൽകാനായി ജില്ല കലക്ടറെ കാണാനെത്തിയപ്പോൾ
കണ്ണൂർ: പാതിവിലക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പിനിരയായവർ പരാതിയുമായി കലക്ടറെ കാണാനെത്തി. വെള്ളിയാഴ്ച രാവിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം കലക്ടറേറ്റിലെത്തി പരാതി കൈമാറി. പരാതി സ്വീകരിച്ച ശേഷം സമഗ്രമായ അന്വേഷണം നടത്താൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണറോട് കലക്ടർ അരുൺ കെ. വിജയൻ നിർദേശിച്ചു.
കമീഷണറെ കാണാനും പരാതിക്കാരെത്തി. കണ്ണൂർ, വളപട്ടണം മേഖലയിലുള്ളവരാണ് എത്തിയത്. അതേസമയം പ്രതി അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി കസ്റ്റഡി അപേക്ഷ നൽകിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ് പറഞ്ഞു. കേസ് അന്വേഷിക്കാനായി കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.
തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർ പരാതി നൽകാനായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ എത്തിയപ്പോൾ
പ്രമോർട്ടർമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസിന്റെ കീഴിലുള്ള സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്തുടനീളം തട്ടിപ്പു നടന്നത്. തട്ടിപ്പ് കേസിൽ അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പരാതിക്കാർ കൂടുതൽ പുറത്തുവരാൻ തുടങ്ങിയത്.
വെള്ളിയാഴ്ചയും മലയോരത്തടക്കം കൂടുതൽ പേർ പരാതിയുമായെത്തി. ചില സ്റ്റേഷനുകളിൽ വ്യാഴാഴ്ചയും പരാതി കൈപ്പറ്റാൻ വിസമ്മതിച്ചതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് ഇരകൾ സിറ്റി പൊലീസ് കമീഷണറോട് പരാതിപ്പെട്ടു. പ്രമോട്ടർമാർ, കോഓഡിനേറ്റർ, ചീഫ് കോഓഡിനേറ്റർ, ഡി.പി.എം എന്നിവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും തട്ടിപ്പിന് പിന്നിലെ മറ്റ് പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

