കണ്ണൂരിന് പരിഗണനാ ബജറ്റ്
text_fieldsകണ്ണൂർ: മട്ടന്നൂരിൽ ഹജ്ജ് ഹൗസും ഡിജിറ്റിൽ സയൻസ് പാർക്കും ധർമടം മണ്ഡലത്തിൽ ഗ്ലോബൽ ഡെയറി വില്ലേജും അടക്കം ജില്ലക്ക് പ്രതീക്ഷ നൽകി സംസ്ഥാന ബജറ്റ്. കണ്ണൂർ വിമാനത്താവളത്തോട് ചേർന്ന് സ്ഥിരം ഹജ്ജ് ഹൗസ് സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയത്. കണ്ണൂർ വിമാനത്താവള വികസനത്തിനും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തിനും ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇതുവരെ 526.63 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്. 2025-26 ൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 75.51 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിന് സമീപം 25 ഏക്കർ കാമ്പസിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐ.ടി പാർക്ക് സ്ഥാപിക്കുന്നതിനായി 293.22 കോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചു.
പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. കണ്ണൂർ സയൻസ് പാർക്കിന് വിമാനത്താവളത്തിന് സമീപം 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്. ധർമടത്ത് ഗ്ലോബൽ ഡയറി വില്ലേജിനായി മൂന്ന് ഘട്ടങ്ങളിലായി മൊത്തം 130 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 10 കോടി രൂപ വകയിരുത്തി. അഴീക്കൽ പോർട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് കോടിയും പുതിയതെരുവിൽ മിനി ബസ് സ്റ്റേഷൻ നിർമാണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു. അഴീക്കൽ, തലശ്ശേരി, കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിനായി 65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ കീഴിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായി 34 കോടി രൂപ വകയിരുത്തി.
പിണറായിയിൽ ബഹുമുഖ സംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് പുതിയ പദ്ധതിക്കായി 50 ലക്ഷം, കാൻസർ നിർണയത്തിനും ചികിത്സക്കുമായി തലശ്ശേരി മലബാർ കാൻസർ സെന്ററിന് 35 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോൾ പലതും നടപ്പാകുന്നില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ കണ്ണൂർ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ പലതും കടലാസിൽ മാത്രം ഒതുങ്ങി.
സംസ്ഥാനത്ത് കൈത്തറി യന്ത്രത്തറി മേഖലക്ക് 56.89 കോടി, ഹാന്റക്സിന് പുതിയ പുനരുജ്ജീവന പദ്ധതിക്ക് 20 കോടി, കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് മൂന്ന് കോടി, സ്കൂള്‍ യൂനിഫോം പദ്ധതിക്ക് 150.34 കോടി രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ തുക പര്യാപ്തമാകില്ലെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
- വരുന്നു, ഹജ്ജ് ഹൗസും ഗ്ലോബൽ ഡെയറി വില്ലേജും ഡിജിറ്റിൽ സയൻസ് പാർക്കും
- തലശ്ശേരി മലബാർ കാൻസർ സെന്ററിന് 35 കോടി
- പിണറായിയിൽ ബഹുമുഖ സംസ്കാരിക കേന്ദ്രം
- പഴശ്ശി ജലസേചന പദ്ധതിക്ക് 13 കോടി
- പഴശ്ശി സാഗർ പദ്ധതിക്ക് 10 കോടി
- വിമാനത്താവളത്തിന് സമീപം ഐ.ടി, സയൻസ് പാർക്കുകൾ
- റബ്കോ നവീകരണം 10 കോടി
- അഴീക്കൽ തുറമുഖ വികസനത്തിന് ഏഴ് കോടി
- തളിപ്പറമ്പ് സഫാരി പാർക്കിന് ഡി.പി.ആർ തയാറാക്കാൻ ഒരു കോടി
- കണ്ണൂർ മെഡി. കോളജിൽ സ്ട്രോക്ക് യൂനിറ്റുകൾ, അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ
- പരിയാരം ആയുർവേദ കോളജ് 8.10 കോടി
- കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിന് ഒരു കോടി
- പുതിയതെരുവിൽ മിനി ബസ് സ്റ്റേഷന് രണ്ട് കോടി
മെഡിക്കൽ കോളജിൽ സ്ട്രോക്ക് യൂനിറ്റ്; ആയുർവേദ കോളജിന് എട്ട് കോടി
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പുതിയ സ്ട്രോക്ക് യൂനിറ്റ് തുടങ്ങാനുള്ള ബജറ്റ് നിർദ്ദേശം ഉത്തരകേരളത്തിലെ ആതുര ചികിത്സാരംഗത്ത് പുതിയ പ്രതീക്ഷയായി. ഇതിനു പുറമെ ഇന്റർവെൻഷനൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് 13 കോടിയും ഡെന്റൽ കോളജിന് 1.50 കോടി, നഴ്സിങ് കോളജിന് 29 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ഗവ. ആയുർവേദ കോളജിന്റെ വികസനത്തിന് 8.10 കോടി രൂപയും അനുവദിച്ചതായി എം. വിജിൻ എം.എൽ.എ പറഞ്ഞു. കണ്ണൂർ ഗവ മെഡിക്കൽ കോളജിന് മുൻവശം ചെറുതാഴം പഞ്ചായത്തിൽ ആധുനിക കൺവെൻഷൻ സെന്റർ നിർമിക്കാൻ ഒരു കോടി അനുവദിച്ചതും കോളജ് വികസനത്തിന് ഇന്ധനമാവും.
അതേസമയം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ വികസന പ്രശ്നങ്ങൾക്ക് പരിഹാരമായി കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനം പൂർണമായും നടപ്പായില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. മെഡിക്കൽ കോളജിന് 30.98 കോടിയും ആയുർവേദ കോളജിന് 8.10 കോടിയും അനുവദിച്ചിരുന്നു. മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനം, മരുന്നുകൾ, ഉപകരണങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ, പഠനോപകരണങ്ങൾ, മാലിന്യസംസ്കരണം എന്നീ പ്രവൃത്തികൾക്ക് 26.15 കോടിയാണ് അനുവദിച്ചത്. ഇതിനു പുറമെ ഗവ. ഡെന്റൽ കോളജ് വികസനത്തിന് 4.19 കോടിയും ഗവ. നഴ്സിങ് കോളജിന് 58 ലക്ഷവും ഉൾപ്പടെയാണ് 30.98 കോടി അനുവദിച്ചത്. ഗവ. ആയുർവേദ കോളജ് നിർമാണ പ്രവർത്തനങ്ങൾക്ക് 2.60 കോടിയും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും അക്കാദമിക് പ്രവർത്തനങ്ങൾക്കും 5.50 കോടി രൂപയും ഉൾപ്പടെയാണ് 8.10 കോടി രൂപയുമാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത്.
കാൻസർ ചികിത്സക്ക് 35 കോടി തലശ്ശേരി മണ്ഡലത്തിന് 64 കോടി
ആരോഗ്യമേഖലയിൽ കോടിയേരി മലബാർ കാൻസർ സെന്ററിന് 35 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് അർബുദ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും ഊന്നൽ നൽകിയാണ് തുക അനുവദിച്ചത്. മലബാർ കാൻസർ സെന്ററിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസർച്ചായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ട്രീറ്റ്മെനറ് ആൻഡ് അക്കാദമിക് ബ്ലോക്ക് (കിഫ്ബി ഒന്നാംഘട്ടം), നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക്, ഓപറേഷൻ തിയേറ്ററുകൾ, അനുബന്ധ സൗകര്യങ്ങൾ, റോബോട്ടിക് സർജറി സംവിധാനം, മലബാർ കാൻസർ സെന്റർ ഇന്നോവേഷൻ ഇൻകുബേഷൻ നെസ്റ്റ് ഡ്രിപോ ഉപയോഗിച്ചുള്ള വയർലെസ് ഇൻഫ്യൂഷൻ മോണിറ്ററിങ് സംവിധാനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ബജറ്റിൽ തലശ്ശേരി മണ്ഡലത്തിന് 64 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി. തലശ്ശേരി കടൽപാലം നവീകരണത്തിന് 10 കോടി അനുവദിച്ചു. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി തലശ്ശേരി തീരപ്രദേശം വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം വികസിപ്പിക്കുകയാണ് ലക്ഷ്യം.
തലശ്ശേരി കടൽപാലം നവീകരണത്തിന്റെ രൂപരേഖ
സംസ്ഥാനത്ത് 12 നോൺ മേജർ തുറമുഖ വികസനത്തിന് അനുവദിച്ച 65 കോടിയിൽ നിന്നാണ് തലശ്ശേരിക്ക് 10 കോടി നീക്കിയത്. തലശ്ശേരി നഗരസഭയിൽ കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിന് ഏഴ് കോടി രൂപയും അനുവദിച്ചു. കായിക മേഖലയിൽ കതിരൂരിൽ സ്വിമ്മിങ് പൂൾ നിർമിക്കാൻ രണ്ട് കോടി, എരഞ്ഞോളി പഞ്ചായത്തിൽ ഇ.എം.എസ് മിനി സ്റ്റേഡിയം നിർമിക്കാൻ രണ്ട് കോടി രൂപ, വിനോദ മേഖലയിൽ സൗന്ദര്യവത്കരത്തിന് തലശ്ശേരി സീവ്യൂ- സെന്റിനറി പാർക്കുകളെ ബന്ധിപ്പിച്ചുള്ള ക്ലിഫ് വാക്കിന് ഏഴ് കോടി രൂപ, തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ഹിസ്റ്ററി ഗാലറി നിർമിക്കാൻ ഒരു കോടി എന്നിങ്ങനെയാണ് തുക നീക്കിവെച്ചത്.
കണ്ണൂര്‍ വിമാനത്താവള ഹജ്ജ് ഹൗസിന് പ്രതീക്ഷ
മലബാറിന് പ്രതീക്ഷ നല്കി കണ്ണൂര്‍ വിമാനത്താവള ഹജ്ജ് ഹൗസ് നിര്‍മാണത്തിന് അഞ്ചുകോടി. ഇതോടെ സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസിന്റെ നിര്‍മാണമാണ് കണ്ണൂരില്‍ നടക്കാന്‍ പോകുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഒരു വര്‍ഷത്തിനകം ഹജ്ജ് ഹൗസ് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. ഹജ്ജ് ഹൗസ് നിര്‍മിക്കാനായി കണ്ടെത്തിയ സ്ഥലം അന്ന് മന്ത്രി സന്ദര്‍ശിച്ചിരുന്നു.
ഈ വര്‍ഷം നാലായിരത്തോളം തീര്‍ഥാടകരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്. അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കും. ഉംറ യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് ഹജ്ജ് ഹൗസ് നിര്‍മിക്കുക. തീര്ഥാടനമില്ലാത്ത സമയത്ത് മറ്റു പരിപാടികള്‍ നടത്താനുള്ള സൗകര്യം കൂടി ഹജജ് ഹൗസിലുണ്ടാകുന്ന തരത്തിലാണ് നിര്‍മാണം. വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വിസിന് എത്തുന്നതിനാല്‍ കണ്ണൂരില്‍ നിന്നുള്ള യാത്രാ നിരക്കും കുറവായിരിക്കുമെന്നത് കണ്ണൂരിന്റെ പ്രത്യേകതയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

