പുതുവർഷത്തിൽ കണ്ണൂരിന് പുതിയ മേയർ
text_fieldsകണ്ണൂർ: പുതുവർഷത്തിൽ കണ്ണൂർ നഗരം ഭരിക്കാൻ പുതിയ മേയർ ഉടൻ. നിലവിലെ മേയർ അഡ്വ. ടി.ഒ. മോഹനൻ തിങ്കളാഴ്ച രാജിവെച്ച് സ്ഥാനമൊഴിയും. നേരത്തെയുണ്ടായിരുന്ന കോൺഗ്രസ്-മുസ്ലിം ലീഗ് ധാരണപ്രകാരമാണ് രാജി. എന്നാൽ പുതിയ മേയർ ആരാകുമെന്ന കാര്യത്തിൽ ലീഗിൽ ഇനിയും അന്തിമ തീരുമാനമായില്ല. മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ മുസ്ലിഹ് മഠത്തിലിന്റെ പേരാണ് പ്രഥമപരിഗണനയിലുള്ളതെങ്കിലും കസാനക്കോട്ടയിലെ കൗൺസിലർ ഷമീമ ടീച്ചറെ കൊണ്ടുവന്ന് പുതുമാതൃക സൃഷ്ടിക്കാനും ലീഗ് ശ്രമിക്കുന്നുണ്ട്. നേരത്തെ നഗരസഭയായിരുന്ന കണ്ണൂരിനെ എട്ടുവർഷം മുമ്പാണ് കോർപറേഷനാക്കി ഉയർത്തിയത്. തുടർന്ന് ആദ്യമേയറായി എൽ.ഡി.എഫിലെ ഇ.പി. ലതയാണ്ചുമതലയേറ്റത്.
യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾക്ക് തുല്യസീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിതിരെ വിമതനായി മത്സരിച്ച് വിജയിച്ച പി.കെ. രാഗേഷിന്റെ പിന്തുണയോടെയാണ് ലത മേയറായത്. പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടരവർഷത്തിനു ശേഷം യു.ഡി.എഫിലേക്ക് പി.കെ. രാഗേഷ് തിരിച്ചുവന്നതോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. പിന്നീടുള്ള രണ്ടര വർഷം തുല്യമായി വീതിച്ച് കോൺഗ്രസും ലീഗും ഭരണം നടത്തി.
കോൺഗ്രസിലെ സുമ ബാലകൃഷ്ണനും ലീഗിലെ സി. സീനത്തുമാണ് മേയർ പദവി അലങ്കരിച്ചത്. പിന്നീട് വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണത്തുടർച്ച നേടുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ മാരത്തൺ ചർച്ച നടത്തിയാണ് മേയറായി ടി.ഒ. മോഹനനെ തെരഞ്ഞെടുത്തത്. പി.കെ. രാഗേഷ് മേയർ പദവി ആവശ്യപ്പെട്ടതോടെയാണ് ചർച്ചയിലേക്ക് പോയത്. മികച്ച വികസനപ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് മൂന്നുവർഷത്തിനു ശേഷം ടി.ഒ. മോഹനൻ അഭിമാനത്തോടെ പടിയിറങ്ങുന്നത്.
കണ്ണൂർ ജവഹർ സ്റ്റേഡിയം നവീകരണം, മലിനജല ശുദ്ധീകരണ പ്ലാന്റ്, കോർപറേഷന് പുതിയ ഓഫിസ് കെട്ടിടം പ്രവൃത്തി ആരംഭം തുടങ്ങിയവ മോഹനന്റെ വികസന നേട്ടങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

