ന്യൂമാഹി ഇരട്ടക്കൊല; രണ്ടാം സാക്ഷിയെ വിസ്തരിച്ചു
text_fieldsതലശ്ശേരി: ന്യൂമാഹി കല്ലായി ചുങ്കത്ത് രണ്ട് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊന്ന കേസിൽ രണ്ടാം സാക്ഷി ഇ. സുനിൽ കുമാറിനെ പ്രതിഭാഗം അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരൻ വ്യാഴാഴ്ച ക്രോസ് വിസ്താരം നടത്തി.
കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരാവുന്ന മറ്റൊരു അഭിഭാഷകനായ കെ. വിശ്വന്റെ ക്രോസ് വിസ്താരം 27ന് നടക്കും. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ ബുധനാഴ്ചയാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ദൃക്സാക്ഷിയായ സുനിൽ കുമാർ ഒമ്പത് പ്രതികളെ ബുധനാഴ്ച തിരിച്ചറിഞ്ഞിരുന്നു.
കേസിലെ രണ്ടും നാലും പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഉൾപ്പെടെയുള്ള 14 പ്രതികളാണ് കഴിഞ്ഞ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരായത്.
അടുത്ത വിചാരണ 27ലേക്ക് മാറ്റിയതിനാൽ ഈ ദിവസം വരെ രണ്ടാം പ്രതിയായ കൊടി സുനിയോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരി കോവിലിന് സമീപം മാടോമ്മൽകണ്ടി വിജിത്ത് (28), കുറുന്തോറത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്.
2010 മേയ് 28ന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽ ഹാജരായി തിരിച്ചുവരുമ്പോൾ ബൈക്ക് ന്യൂമാഹി കല്ലായി അങ്ങാടിയിൽ തടഞ്ഞുനിർത്തി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സി.പി.എം പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. ഇവരിൽ രണ്ടു പേർ സംഭവശേഷം മരിച്ചു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പരോളിലിറങ്ങിയ കേസിലെ രണ്ടാം പ്രതി കൊടി സുനി കോടതിയുടെ അനുമതിയോടെയാണ് വിചാരണക്കെത്തിയത്. ജഡ്ജി റൂബി കെ. ജോസ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പി. പ്രേമരാജനാണ് കേസിൽ ഹാജരാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

