Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എരിതീയിൽ എണ്ണയൊഴിച്ച് ടി.കെ. ഗോവിന്ദൻ; പിന്നിൽ പുതിയ കണ്ണൂർ ലോബി

text_fields
bookmark_border
എരിതീയിൽ എണ്ണയൊഴിച്ച് ടി.കെ. ഗോവിന്ദൻ; പിന്നിൽ പുതിയ കണ്ണൂർ ലോബി
cancel
camera_alt

ടി.കെ. ഗോവിന്ദൻ

കണ്ണൂർ: തെരഞ്ഞെടുപ്പ് പടിവാതിൽക്കലിലെത്തിയതിനിടെ ജില്ലയിൽ സി.പി.എമ്മിന് വീണ്ടും തലവേദന. സംസ്ഥാനത്ത് പലയിടത്തും പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതിനു പിന്നാലെ ജില്ലയിലും പ്രമുഖ നേതാവ് പാർട്ടി വിട്ടു. ഒരുകാലത്ത് മലയോരത്തടക്കം സി.പി.എമ്മിന് ശക്തി പകർന്ന നേതാക്കളിലൊരാളായ മലപ്പട്ടത്തെ ടി.കെ. ഗോവിന്ദനാണ് തിങ്കളാഴ്ച പാർട്ടി വിട്ടത്. അപ്രതീക്ഷിതമായി നേതൃത്വത്തെ വെല്ലുവിളിച്ച് എരിതീയിൽ എണ്ണയൊഴിച്ചാണ് അദ്ദേഹം പാർട്ടിക്കെതിരെ രംഗത്തുവന്നത്. ഇതോടെ കുടുങ്ങിയത് പാർട്ടി. ഒപ്പം കണ്ണൂരിൽ പുതിയ ലോബി പാർട്ടിയിൽ വന്നതായും തെളിഞ്ഞു. മലപ്പട്ടമെന്ന പഴയ ചെങ്കോട്ടയിൽനിന്നാണ് ഗോവിന്ദന്റെ തുടക്കം.

യു.ഡി.എഫ് കോട്ടയായ ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറിയായി തിളങ്ങിയ ഗോവിന്ദൻ പാർട്ടിയുടെ തണലിൽ പല സ്ഥാനങ്ങളും കൈയടക്കുന്നതാണ് പിന്നീട് കണ്ടത്. ജില്ല സെക്രട്ടേറിയറ്റംഗമായ അദ്ദേഹം പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ, ക്ലെ ആൻഡ് സെറാമിക്സ് ചെയർമാൻ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ഹാൻ വീവിന്റെ ചെയർമാനായത്. സ്ഥാപനം നഷ്ടത്തിലായപ്പോൾ ജില്ല ബാങ്ക് വായ്പ നിഷേധിച്ചതു മുതൽ പാർട്ടിയുമായി അകൽച്ച തുടങ്ങി. മുഖ്യമന്ത്രിയുമായടക്കം ചർച്ച ചെയ്തെങ്കിലും ഹാൻ വീവിന് അനുകൂല നടപടിയുണ്ടായില്ല.

ഇത്തരം പ്രശ്നങ്ങൾക്കിടെയാണ് തളിപ്പറമ്പ് സ്ഥാനാർഥി വിഷയം വന്നത്. മുതിർന്ന നേതാവെന്ന നിലയിൽ ടി.കെ. ഗോവിന്ദനെ പരിഗണിക്കുമെന്ന സാധ്യതയുണ്ടായി. ഒപ്പം എൻ. സുകന്യ, എം.വി. നികേഷ് കുമാർ, എം.വി. ജയരാജൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും തളിപ്പറമ്പിൽ ഉയർന്നിരുന്നു. അതിനിടെയാണ് പി.കെ. ശ്യാമളയുടെ പേര് വന്നത്. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ കൂടിയായ മഹിളാ അസോസിയേഷൻ നേതാവ് ശ്യാമള സ്ഥാനാർഥിയായതോടെയാണ് സി.പി.എമ്മിൽ പ്രശ്നം രൂക്ഷമായത്. ജില്ലയിലെ പല നേതാക്കളും രഹസ്യമായും പരസ്യമായും മുഖ്യമന്ത്രിക്കെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയും രംഗത്തു വന്നു.

ചിലർ കമ്മറ്റികളിൽ ശബ്ദമുയർത്തി. ഫലമില്ലാതായതോടെ താഴെ തട്ടിലും വിഷയം വലിയ ചർച്ചയാക്കി. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിൽ ശ്യാമളക്കെതിരെ ശബ്ദമുയർന്നെങ്കിലും അവരുടെ രാഷ്ട്രീയ പാരമ്പര്യം പറഞ്ഞ് നേതൃത്വം പ്രതിഷേധക്കാരുടെ വായടച്ചു. പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ കൂടി വീണ്ടും വലിയ ചർച്ചയായതോടെ അതൃപ്തരെല്ലാം ഒന്നിച്ചു. നേതൃനിരയിലെ അതൃപ്തരെല്ലാം കൂട്ടുചേർന്നതോടെ കണ്ണൂരിലെ സി.പി.എമ്മിൽ പുതിയ ഗ്രൂപ്പ് പിറവികൊള്ളുകയും ചെയ്തു.

പ്രശ്നം വഷളാവുമെന്ന ഘട്ടത്തിൽ പി. ജയരാജന് തളിപ്പറമ്പിന്റെ ചുമതല പാർട്ടി നൽകി. ഇ.പി. ജയരാജനടക്കമുള്ളവർ ഉൾപ്പെടുന്ന വിഭാഗത്തിന്റെ കണ്ണിയാണ് ടി.കെ. ഗോവിന്ദൻ. നിലവിൽ കണ്ണൂർ ലോബിയിൽ ചേരിതിരിവുണ്ടായതിന്റെ നേർ സാക്ഷ്യമാണ് ടി.കെ. ഗോവിന്ദന്റെ പാർട്ടി വിടൽ നടപടി. അതേസമയം പാർട്ടി ആനുകൂല്യങ്ങൾ ഏറെയും പറ്റിയ നേതാവാണ് ഗോവിന്ദൻ എന്നതും വലിയ ചർച്ചയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ കെ.പി. രമണി മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുൻ പ്രസിഡന്റ് കെ.സി. അനിൽകുമാർ ടി.കെ. ഗോവിന്ദന്റെ അടുത്ത ബന്ധുവാണ്.

നിലവിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ ഇദ്ദേഹത്തിന്റെ മരുമകളാണ്. പാർട്ടിയിൽ എല്ലാ സ്ഥാനമാനങ്ങളും വഹിച്ച് ബന്ധുക്കൾക്കടക്കം സ്ഥാനങ്ങൾ നൽകുന്നതിൽ ഇടപെട്ടയാളാണ് ടി.കെ. ഗോവിന്ദനെന്നും നിലവിൽ ചതി കാട്ടിയെന്നും പ്രവർത്തകർ ആരോപിച്ചു. പാർട്ടിയെ ഒറ്റിയെന്നാരോപിച്ച് ടി.കെ. ഗോവിന്ദനെതിരെ തിങ്കളാഴ്ച രാത്രി മലപ്പട്ടത്ത് സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - T.K. Govindan Controversy New Kannur lobby behind it
Next Story